കണ്ണൂർ: മുൻ കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. സുധാകരൻ വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിക്ക് ഒപ്പമാണെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന ജയന്ത് ദിനേശനെതിരെയും പരാതിയുണ്ട്. യുവമോർച്ച ഉപാധ്യക്ഷൻ കെ. ഷിജിൽ ആണ് പരാതി നൽകിയത്.
ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു, സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ദൃശ്യങ്ങൾ സഹിതമാണ് യുവമോർച്ച തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സാധാരണ നിലയിൽ ഓപ്പൺ വോട്ട് ചെയ്യാൻ മാത്രമേ വോട്ടർക്കൊപ്പം ബൂത്തിനുള്ളിൽ ആളെ അനുവദിക്കാവൂ എന്നാണ് ചട്ടം.
ഈ ചട്ടം ലംഘിച്ചുവെന്നാണ് പരാതി. വോട്ടിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കി, ബൂത്തിനകത്തേക്ക് കെ. സുധാകരന്റെ അനുയായി മൊബൈൽ ഫോൺ കൊണ്ടുപോവുകയും വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയും ചെയ്‌തു എന്നീ ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്.
അതേസമയം, വോട്ട് ചെയ്യുന്നത് ചിത്രീകരിക്കുകയോ പുറത്തുവിടുകയോ ചെയ്‌തിട്ടില്ലെന്നാണ് കെ. സുധാകരന്റെ അനുയായി ജയന്ത് ദിനേശിന്റെ പ്രതികരണം. പത്തിലധികം ചാനലുകളുടെ ക്യാമറകളും ഓൺലൈൻ ചാനലുകളുടെ ക്യാമറകളും അവിടെ ഉണ്ടായിരുന്നു. അവരാണ് വീഡിയോ ചിത്രീകരിച്ചു അയച്ചതെന്നാണ് ജയന്ത് പറയുന്നത്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ






































