ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീപോളിങ്; നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപണമുയർന്ന മഗ്രോഹാത് വെസ്‌റ്റിൽ 11 ബൂത്തിലും ഡയമണ്ട് ഹാർബറിൽ നാല് ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക.

By Senior Reporter, Malabar News
vote_malabar news
Representational Image
Ajwa Travels

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ പശ്‌ചിമ ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീപോളിങ് നടക്കും. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപണമുയർന്ന മഗ്രോഹാത് വെസ്‌റ്റിൽ 11 ബൂത്തിലും ഡയമണ്ട് ഹാർബറിൽ നാല് ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക.

രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇവിഎമ്മിൽ കൃത്രിമം നടന്നുവെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണമൂൽ നൽകിയ പരാതിയുടെയും ഉദ്യോഗസ്‌ഥർ നൽകിയ റിപ്പോർട്ടിന്റെയും അടിസ്‌ഥാനത്തിലാണ്‌ റീപോളിങ് എന്നാണ് വിവരം.

വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും മൽസരിക്കുന്ന സ്‌ഥാനാർഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാൾ ചീഫ് ഇലക്‌ടറൽ ഓഫീസർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗാളിൽ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേട് നടന്നെന്നാണ് പരാതി ഉയർന്നത്.

ഡയമണ്ട് ഹാർബറിലെ ഫൽത്ത നിയോജക മണ്ഡലത്തിലെ ബൂത്തിൽ വോട്ടിങ് യന്ത്രങ്ങളിൽ ബിജെപി, സിപിഎം സ്‌ഥാനാർഥികളുടെ ബട്ടണുകൾ ടേപ്പ്‌ ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു.

ഇതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു. തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥി ജഹാംഗീർ ഖാന്റെ സ്വാധീന മേഖലകളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായാണ് ബിജെപിയുടെ പരാതി. ഇതേത്തുടർന്ന് ഫൽത്തയിലെ ചിലയിടങ്ങളിൽ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

പരാതി ഗൗരവത്തിലെടുത്ത തിരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും, കൃത്രിമം നടന്നതായി വ്യക്‌തമായാൽ റീപോളിങ് നടത്തുമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.

അതിനിടെ, ബംഗാളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടരുത്. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 200 മീറ്റർ ചുറ്റളവിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.

ഏപ്രിൽ 23, 29 തീയതികളിലായി നടന്ന വോട്ടെടുപ്പിൽ 90 ശതമാനത്തിലധികം പോളിങ് ആണ് രേഖപ്പെടുത്തിയത്. 294 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 148 സീറ്റുകളാണ് വേണ്ടത്.

Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE