ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം അനുവദിച്ച സമയം കഴിഞ്ഞും തുടരുന്നു. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കാൻ ശ്രമം നടക്കുകയാണ്.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും എല്ലാവരും ജന്തർ മന്തറിലേക്ക് എത്തണമെന്നും സിജെപി എക്സിൽ കുറിച്ചു. അതേസമയം, പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്നും അങ്ങനെ സംഭവിച്ചാലും പ്രതിഷേധം തുടരണമെന്നും അഭിജിത് ദീപ്കെ പറഞ്ഞു.
വൈകീട്ട് അഞ്ചുമണിവരെയാണ് പ്രതിഷേധത്തിന് പോലീസ് അനുമതി നൽകിയിരുന്നത്. സമയം അവസാനിച്ചതോടെ പ്രതിഷേധം നിയമവിരുദ്ധമായതായി പോലീസ് അറിയിച്ചു.
ആറുമണിയോടെ രക്ഷിതാക്കളും യുവാക്കളും ജന്തർ മന്തറിൽ എത്തണമെന്ന് അഭിജിത് ദീപ്കെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ജന്തർ മന്തറിൽ നിന്ന് ആളുകളെ പിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. ജന്തർ മന്തറിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്.
ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. പ്രതിഷേധത്തിന് എത്തിയവർ പ്ളേറ്റും സ്പൂണും കൈയിൽ കരുതിയിരുന്നു. ‘ഗോ പ്രധാൻ ഗോ’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ


































