തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ കടുത്ത രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ബിജു ഐഎഎസിനെതിരെയാണ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഈ ഉദ്യോഗസ്‌ഥൻ സർവീസിൽ തുടരാൻ അർഹനാണോ എന്ന് കോടതി ചോദിച്ചു.
നീതിന്യായ വ്യവസ്‌ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടിയാണ് ഉദ്യോഗസ്‌ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഈ വിഷയത്തിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും ഹൈക്കോടതി ജസ്‌റ്റിസ് എ. ബദറുദ്ദീൻ വ്യക്‌തമാക്കി.
പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമർശങ്ങളുടെ പശ്‌ചാത്തലത്തിൽ ഉദ്യോഗസ്‌ഥനെതിരെ കോടതിയലക്ഷ്യ കേസെടുത്ത ഹൈക്കോടതി, വെള്ളിയാഴ്‌ച നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചു.
വിചാരണാ അനുമതി നൽകിയുള്ള ബിജു ഐഎഎസ് പുറത്തിറക്കിയ വിവാദ ഉത്തരവ് അദ്ദേഹം സ്വയം തയ്യാറാക്കിയതാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. പ്രതികൾ എഴുതിക്കൊടുത്ത കാര്യങ്ങൾ അതേപടി ജിഒ നമ്പറിട്ട് ഉത്തരവായി ഇറക്കിയതാണോ എന്നുവേണം കരുതാനെന്നും കോടതി പരാമർശിച്ചു. ഉദ്യോഗസ്‌ഥൻ നടത്തിയത് അതീവ ഗൗരവകരമായ തെറ്റാണെന്നും ഇതിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്‌ചയോ കരുണയോ ഉണ്ടാകില്ലെന്നും കോടതി വ്യക്‌തമാക്കി.
നിലവിൽ ഇറക്കിയിരിക്കുന്നത് വിചാരണ അനുമതി നൽകിയുള്ള ഉത്തരവ് വിഡ്ഢിത്തമാണ്. മുൻ സർക്കാരിന്റെ നിലപാട് ഇത്തരത്തിൽ വിചാരണാ അനുമതി നൽകുന്നില്ല എന്നതായിരുന്നു. അതായിരുന്നു സ്വീകാര്യം, അതൊരു കൃത്യമായ നിലപാടാണ്.
ഇപ്പോഴത്തെ ഉത്തരവിൽ പറയുന്നത്, തങ്ങൾ വിചാരണക്ക് അനുമതി നൽകുന്നു, പക്ഷേ, സർക്കാർ ഈ വിചാരണ അനുമതി നൽകുന്നതിന് എതിരാണ് എന്നുകൂടി ഈ ഉത്തരവിൽ പറഞ്ഞിരിക്കുന്നു. ഇത്തരത്തിൽ അനുമതി നൽകുന്നത് പ്രതികൾക്ക് രക്ഷപെടാൻ കാരണമാകും എന്നതടക്കം ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ വിമർശനം.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം




































