കൊഹിമ: നാഗാലാൻഡിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ അസം റൈഫിൾസ് ജവാന് വീരമൃത്യു. നാല് ജവാൻമാർക്ക് ഗുരുതരമായി പരിക്കേറ്റു. നാഗാലാൻഡിലെ ചുമുകെഡിമ ജില്ലയിൽ അസം റൈഫിൾസിന്റെ പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന സുഖോവിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്.
അസം റൈഫിൾസിന്റെ വാഹനവ്യൂഹം ഈ പ്രദേശത്തുകൂടി കടന്നുപോകുന്നതിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ വാഹനം പൂർണമായി തകർന്നു. പരിക്കേറ്റ നാല് ജവാൻമാരെ ഉടൻ തന്നെ സമീപത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തീവ്രവാദികൾ സ്ഥാപിച്ച ഐഇഡി ബോംബാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് സുരക്ഷാ സേന വൻതോതിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശം മുഴുവൻ സൈന്യത്തിന്റെ കടുത്ത നിരീക്ഷണത്തിലാണ്.
ഒരു ആഴ്ചയ്ക്കുള്ളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസം റൈഫിൾസിന് നേരെ നടക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. ജൂലൈ ആറിന് മണിപുരിലെ ഉഖ്റുൽ ജില്ലയിൽ റൈഫിൾസിന്റെ നാൽപ്പതാം ബറ്റാലിയന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ



































