കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരൂർക്കാട്ടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
മലപ്പുറം ജില്ലയിലെ ഇരുമ്പഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യത്തുട്ടിയുടെയും മകനായി 1945ൽ ആയിരുന്നു ജനനം. ദർസ് പഠനത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ അധ്യാപകനായി. 2003 മുതൽ പ്രിൻസിപ്പലായ അദ്ദേഹം ശൈഖുൽ ജാമിഅ എന്നാണ് അറിയപ്പെടുന്നത്.
1986ലാണ് സമസ്ത കേന്ദ്ര മുശാവറയിൽ അംഗമായത്. 2003 മുതൽ 2005 വരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും 2006 മുതൽ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. 2010ൽ സമസ്ത സെക്രട്ടറിയായി. 2016 മുതൽ സമസ്ത ജനറൽ സെക്രട്ടറിയാണ്. ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായത്.
അൽ മുഅല്ലിം, അൽ നൂർ മാസികകൾ, സുന്നി അഫ്കാർ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചും ഇന്ത്യൻ മുസ്ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തിട്ടുമുള്ള ആലിക്കുട്ടി മുസ്ലിയാർ നിലവിൽ മുസ്ലിം വേൾഡ് ലീഗിലെ ഇസ്ലാമിക് ഫിഖ്സ് കൗൺസിൽ മെമ്പർ കൂടിയാണ്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

































