ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുള്ള ഇന്ത്യ സഖ്യം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ സമയം തേടി. ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രപതിയെ കാണുന്നത്.
അതിനിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതിപക്ഷ എംപിമാരുടെ യോഗം വിളിച്ചു. ഡെൽഹിയിൽ നടക്കുന്ന യോഗത്തിൽ ഗ്യാനേഷ് കുമാറുമായി കൂടിക്കാഴ്‌ചയ്‌ക്ക് സമയം ചോദിച്ചുകൊണ്ടുള്ള കത്തിൽ ജനപ്രതിനിധികൾ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.
എസ്‌ഐആർ വിഷയത്തിൽ തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടതായി ഇന്ത്യ സഖ്യം ആരോപിച്ചു. ചൊവ്വാഴ്‌ച ഇന്ത്യ സഖ്യത്തിലെ വിവിധ കക്ഷികളിലെ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞിരുന്നു. തുടർന്ന് ആകാശവാണി ഭവന് മുന്നിൽ നേതാക്കൾ ധർണ നടത്തി.
ഇതോടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. പ്രവർത്തകർ രാഹുലിന് വലയം തീർത്തെങ്കിലും പോലീസ് കസ്‌റ്റഡിയിലെടുത്ത് വാഹനത്തിനുള്ളിലേക്ക് കയറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്. എന്നാൽ, വൈകീട്ട് നാലുമണിവരെ ഒരു രാഷ്‌ട്രീയ പാർട്ടിയും തങ്ങളുടെ കൂടിക്കാഴ്‌ചയ്‌ക്ക് സമയം തേടിയിരുന്നില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































