മൂന്നാർ: മൂന്നാറിലെ ഗ്ളാസ് ബ്രിഡ്‌ജ് നിർമാണത്തിൽ കയ്യേറ്റം ഇല്ലെന്ന് റിപ്പോർട് ചെയ്‌ത താലൂക്ക് സർവെയർക്ക് സസ്‌പെൻഷൻ. ഹൈക്കോടതിയിൽ തെറ്റായ റിപ്പോർട് സമർപ്പിച്ചതിനാണ് അഫ്‌സൽ ബിക്കെതിരെ നടപടിയെടുത്തത്. സർക്കാർ ഭൂമി കയ്യേറിയാണ് ഗ്ളാസ് ബ്രിഡ്‌ജ് നിർമിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഗ്ളാസ് ബ്രിഡ്‌ജ് ഉൽഘാടന ഘട്ടത്തിൽ തന്നെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ഉൽഘാടനത്തിന്റെ രണ്ടു ദിവസത്തിന് ശേഷം ജില്ലാ കലക്‌ടർ സ്‌റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തുടർന്ന് ഇതിനെതിരെ ഉടമകൾ ഹൈക്കോടതിയിൽ പോയി അനുകൂല വിധി നേടുകയായിരുന്നു.
ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കാൻ നിർണായകമായത് സർവെയർ നൽകിയ റിപ്പോർട്ടായിരുന്നു. തുടർന്നാണ് നടപടിയെക്കുന്നത്. ഗ്ളാസ് ബ്രിഡ്‌ജ് നിർമാണത്തിന് പിന്നാലെ റവന്യൂ ഭൂമി മറച്ചുവെക്കാനും തെറ്റായ വിവരങ്ങൾ സമർപ്പിക്കാനും മുൻ സർവേയർ മനഃപൂർവം ശ്രമിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഉദ്യോഗസ്‌ഥനെതിരെ അച്ചടക്ക നടപടിയായി സസ്‌പെൻഷൻ ഉത്തരവിട്ടത്. അനുമതിയില്ലാതെയും നിർമാണ നിരോധന ഉത്തരവുകൾ ലംഘിച്ചുമാണ് ആനച്ചാലിൽ ഗ്ളാസ് ബ്രിഡ്‌ജ് നിർമിച്ചതെന്ന് നേരത്തെ ജില്ലാ ഭരണകൂടവും ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. വിരുദ്ധ റിപ്പോർട്ടുകൾ നൽകി കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ച ഉദ്യോഗസ്‌ഥനെതിരെ കൂടുതൽ അന്വേഷണം ഉണ്ടാകും.
Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി





































