തിരുവനന്തപുരം: ഫുട്ബോൾ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറോട് അനുമതി തേടി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി വിഡി സതീശനാണ് ഇത് സംബന്ധിച്ച കത്ത് ഗവർണർക്ക് കൈമാറിയത്.
ഗവർണർ രാജേന്ദ്ര ആർലേക്കർ തിങ്കളാഴ്ച രാജ്ഭവനിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് വിവരം. 22നാണ് പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ ചുമതലയേൽക്കുന്നത്. മുൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരായ അഴിമതി അന്വേഷിക്കാൻ ആഭ്യന്തരവകുപ്പിന് നേരിട്ട് ഉത്തരവിടാനാകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.
എന്നാൽ, മന്ത്രിയായിരിക്കെ നടത്തിയ ക്രമക്കേടുകളിലെ അന്വേഷണമായതിനാൽ കേസെടുക്കാൻ ഗവർണറുടെ അനുമതി തേടണമെന്ന് നിയമവകുപ്പിൽ നിന്ന് മറ്റൊരു അഭിപ്രായം ഉയർന്നതിനെ തുടർന്നാണ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ മുൻ മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കേസിൽ ക്രമവിരുദ്ധമായ ഇടപെടലുകൾ നടത്തിയതായി കണ്ടെത്തിയിരുന്നു. ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ വി. അബ്ദുറഹിമാനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർക്കും.
നിലവിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും ഉടമ ആന്റോ അഗസ്റ്റിനുമാണ് കേസിന്റെ എഫ്ഐആറിൽ പ്രതിപ്പട്ടികയിലുള്ളത്. മുൻ മന്ത്രി കൂടി പ്രതിപ്പട്ടികയിലേക്ക് വരുന്നതോടെ കേസിന്റെ ഗൗരവം വർധിക്കും. ഫുട്ബോൾ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട കരാറിലും സ്പോൺസറെ കണ്ടെത്തിയതിലും അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ഇടപാടുകളിലും മന്ത്രി ചട്ടവിരുദ്ധവും ക്രമരഹിതവുമായ ഇടപെടലുകൾ നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതേസമയം, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അർജന്റീന അസോസിയേഷന് പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ സർക്കാരിന്റെ പക്കൽ ഇല്ലെന്ന് കായികമന്ത്രി ഒജെ ജെനീഷ് നിയമസഭയിൽ പറഞ്ഞിരുന്നു. എഎഫ്എയ്ക്ക് ഏകദേശം 126 കോടി രൂപ നൽകിയെന്നാണ് സ്പോൺസർ അവകാശപ്പെടുന്നത്. എന്നാൽ, ഈ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള യാതൊരു രേഖയും സർക്കാരിൽ ലഭ്യമല്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!



































