‘ബ്ളാക്ക് ക്യാറ്റ്’ എഡിറ്റിങ്ങിന് ടിജോ തങ്കച്ചന് പുരസ്‌കാരം

മലയാളം സിനിമാ ടെക്‌നീഷ്യൻസ് അസോസിയേഷൻ (മാക്‌ട) സഹകരണത്തോടെ രാജഗിരി കോളേജ് സംഘടിപ്പിച്ച രണ്ടാമത് 'മാക്‌ട-രാജഗിരി' ഫിലിം ഫെസ്‌റ്റിവലിൽ ‘ബ്ളാക്ക് ക്യാറ്റ്’ ഫിലിം എഡിറ്റർ ടിജോ തങ്കച്ചൻ ബെസ്‌റ്റ് എഡിറ്റർ അവാർഡിന് അർഹനായി.

By Senior Reporter, Malabar News
Award for Tijo Thankachan for ‘Black Cat’ editing
‘ബ്ളാക്ക് ക്യാറ്റ്’ ഷോർട്ട് ഫിലിം എഡിറ്റർ ടിജോ തങ്കച്ചൻ ബെസ്‌റ്റ് എഡിറ്റർ അവാർഡ് ഏറ്റുവാങ്ങുന്നു / Image Courtesy: RIFF

കൊച്ചി: അമേരിക്കൻ സാഹിത്യത്തിലെ പ്രമുഖ കവിയും ചെറുകഥാകൃത്തും നിരൂപകനുമായിരുന്ന എഡ്‌ഗർ അലൻ പോയുടെ പ്രസിദ്ധമായ ‘ദി ബ്ളാക്ക് ക്യാറ്റ്’ എന്ന കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജു എബ്രഹാം കഥയും സംവിധാനവും നിർവഹിച്ച, മുപ്പത് മിനിറ്റ് ദൗർഘ്യമുള്ള സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ‘ബ്ളാക്ക് ക്യാറ്റ്’.

ടിജോ തങ്കച്ചൻ എഡിറ്റ് ചെയ്‌ത ചിത്രം മനുഷ്യന്റെ ഭയം, കുറ്റബോധം, മാനസിക സംഘർഷങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. മുനീർ അലി തിരക്കഥയും കിഷോർ മണി ഛായാഗ്രഹണവും സുരേഷ് നന്ദൻ സംഗീതവും നിർവഹിച്ച ചിത്രം, കേരള അന്താരാഷ്‌ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (IDSFFK)യുടെ ഔദ്യോഗിക മൽസര വിഭാഗത്തിലും പ്രദർശിപ്പിച്ചിരുന്നു.

വിവിധ ചലച്ചിത്ര വേദികളിലെ പ്രദർശനത്തിനും അംഗീകാരങ്ങൾക്കും പിന്നാലെയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങിന് ഇപ്പോൾ ‘ബെസ്‌റ്റ് എഡിറ്റർ അവാർഡ്’ ലഭിച്ചത്. ഫിലിം എഡിറ്റർ, ഡയറക്‌ടർ, ആഡ്‌ഫിലിം മേക്കർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ടിജോ തങ്കച്ചൻ നിരവധി ഫീച്ചർ സിനിമകളുടെ ഭാഗമായിട്ടുണ്ട്.

‘ബ്രില്യന്റ് ഐഡിയ’ (ഹിന്ദി), ‘തെരേസ ഹാഡ് എ ഡ്രീം’ (ഇംഗ്ളീഷ്), ‘ടു മെൻ ആർമി’, ‘ഉടൻ അടി മാംഗല്യം’, ‘കേരള എക്‌സ്‌പ്രസ്‌’, ‘അസോൾട്ട് മുരുകൻ’ (മലയാളം) എന്നീ ചിത്രങ്ങളിൽ ചിത്രസംയോജകനായി പ്രവർത്തിച്ചിട്ടുണ്ട്. മറാഠി ചിത്രമായ ‘റീൽ സ്‌റ്റാറിൽ’ സഹചിത്രസംയോജകനായും ചിത്രീകരണ സ്‌ഥലത്തെ ‘സ്‌പോട്ട് എഡിറ്ററായും’ പ്രവർത്തിച്ചിട്ടുണ്ട്.

Tijo Thankachan
ടിജോ തങ്കച്ചൻ

ചലച്ചിത്ര രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം 2019ൽ ‘മിനിവുഡ് സ്‌റ്റുഡിയോ’ എന്ന ക്രിയേറ്റീവ് പ്രൊഡക്ഷൻ ഹൗസ് ടിജോ തങ്കച്ചൻ സ്‌ഥാപിച്ചു. സിനിമ, ഡോക്യുമെന്ററി, പരസ്യചിത്രം, മ്യൂസിക് വീഡിയോ, ഡിജിറ്റൽ കണ്ടന്റ്, പോസ്‌റ്റ്-പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിലാണ് മിനിവുഡ് സ്‌റ്റുഡിയോ പ്രവർത്തിക്കുന്നത്. റേഡിയോ, പരസ്യം, ദൃശ്യ മാദ്ധ്യമം, സിനിമ എന്നിവയെ ബന്ധിപ്പിക്കുന്ന ക്രിയേറ്റീവ് പ്രവർത്തനങ്ങളിലും ടിജോ സജീവ സാന്നിധ്യമാണ്.

‘ബ്ളാക്ക് ക്യാറ്റ്’ ചിത്രത്തിന് ലഭിച്ച മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം പുതിയ ഉയരങ്ങൾ തേടാനുള്ള കരുത്തും കൂടുതൽ മികവോടെ പ്രവർത്തിക്കാനുള്ള പ്രചോദനവുമാണെന്ന് ടിജോ പറഞ്ഞു. നിലവിൽ ഫെസ്‌റ്റിവൽ സ്‍ക്രീനിങ്ങിലുള്ള ചിത്രം വൈകാതെ ചലച്ചിത്ര പ്രേമികൾക്ക് ലഭ്യമാകും.

Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE