പാരിസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. പലയിടത്തും തീവെപ്പിലും മറ്റും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട് ചെയ്തു. പാരിസ് ഉൾപ്പടെ വിവിധ നഗരങ്ങളിൽ പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി.
സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി 1200 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിക്കുന്നവർക്കും കൊള്ളയടിക്കുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി.
വിദ്യാഭ്യാസ മേഖലയിലെ മോശം സാഹചര്യങ്ങൾക്കും ജോലിസ്ഥലത്തെ അവസ്ഥകൾക്കും പോലീസിന്റെ കടുത്ത നടപടികൾക്കുമെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് വൻ ജനകീയ പ്രക്ഷോഭമായി മാറിയത്. തൊഴിലാളികൾ, കർഷകർ, പെൻഷനേഴ്സ്, യെല്ലോ വെസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭാവികൾ എന്നിവരടക്കം പ്രക്ഷോഭത്തിൽ അണിനിരന്നു.
സിജിടി ട്രേഡ് യൂണിയന്റെ കണക്കനുസരിച്ച് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ 5.5 ലക്ഷത്തോളം ആളുകൾ പങ്കെടുത്തു. ഇതിൽ പാരീസിൽ മാത്രം ഒരുലക്ഷത്തിലധികം ആളുകളാണ് തെരുവിലിറങ്ങിയത്. ലക്ഷക്കണക്കിന് ആളുകൾ അണിനിരന്ന റാലികൾ പലയിടത്തും അക്രമത്തിന് വഴിവെക്കുകയായിരുന്നു.
സമാധാനപരമായി മുന്നേറിയ പ്രകടനങ്ങൾക്കിടയിൽ മുഖംമൂടി അണിഞ്ഞ പ്രതിഷേധക്കാർ പോലീസിന് നേരെ പടക്കങ്ങളും സ്ഫോടക വസ്തുക്കളും എറിഞ്ഞതായാണ് റിപ്പോർട്ടുകൾ. കണ്ണീർവാതകത്തിൽ നിന്ന് രക്ഷപ്പെടാൻ ചിലർ പ്രത്യേക കണ്ണടകളും ഹൂഡകളും ധരിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. തുടർന്ന് അക്രമികളെ തുരത്താൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
വിവിധ നഗരങ്ങളിൽ തെരുവിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ബാരിക്കേഡുകൾ കത്തിക്കുകയും ചെയ്തു. പാരീസിൽ കടകളും റെസ്റ്റോറന്റുകളും തകർക്കുകയും ബാറിന് തീയിടുകയും ചെയ്തു. പലയിടത്തും കടകൾ കൊള്ളയടിക്കപ്പെട്ടു. പ്രക്ഷോഭകരുമായുള്ള ഏറ്റുമുട്ടലിൽ 60 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഇതിൽ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിച്ചതായും ആഭ്യന്തര മന്ത്രി ലോറന്റ് നുണെസ് അറിയിച്ചു.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!




































