പാരിസ്: ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഫ്രാൻസിലെ പാരിസിൽ ഭീകരാക്രമണം. ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പാരിസിന് തെക്കുപടിഞ്ഞാറുള്ള ട്രോപ്പസിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തെ ഭീകരാക്രമണമായാണ് കാണുന്നതെന്ന് പോലീസ് അറിയിച്ചു.
കാറിൽ സഞ്ചരിച്ച അക്രമി ജനങ്ങൾക്ക് നേരെ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ പിന്നീട് കസ്റ്റഡിയിൽ എടുത്തതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു സ്ഥിരീകരിച്ചു. പ്രദേശിക സമയം വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
കാറിൽ സഞ്ചരിച്ച 39കാരനായ അക്രമി വഴിയരികിൽ കണ്ട ആളുകൾക്ക് നേരെ വെടിയുതിർക്കുക ആയിരുന്നു. സാധ്യമായ അത്രയും ആളുകളെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ നഗരത്തിലൂടെ വണ്ടിയോടിച്ച് വെടിവയ്പ്പ് നടത്തിയതെന്ന് ട്രോപ്പസ് മേയർ അലി റബേ പറഞ്ഞു. ഹെൽത്ത് സെന്റർ, പെട്രോൾ പമ്പ്, നിരവധി വാഹനങ്ങൾ എന്നിവയ്ക്ക് നേരെയും ഇയാൾ വെടിയുതിർത്തു.
ഭീകര സംഘടനകളുമായുള്ള ഗൂഢാലോചന, മാരകായുധങ്ങൾ കൈവശം വെക്കൽ എന്നിവ ഉൾപ്പെടുത്തിയാണ് കേസ് അന്വേഷിക്കുന്നത്. അക്രമിക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെങ്കിലും ഫ്രഞ്ച് ഇന്റലിജൻസ് സർവീസുകളുടെ നിരീക്ഷണ പട്ടികയിലുള്ള ആളല്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം വ്യക്തമല്ലെങ്കിലും, ഇരയായ രണ്ടുപേരുടെ ആഫ്രിക്കൻ പശ്ചാത്തലം ആക്രമണത്തിന് കാരണമായിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മേയർ കൂട്ടിച്ചേർത്തു.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്





































