തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുക ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ രാഹുൽ ഗാന്ധിയുടെ ജീവിതമുണ്ട്. രാഹുൽ നാടകം കളിക്കുകയല്ല. ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും രാഹുലിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ സമരപന്തലിൽ എത്തിയതും കടലിൽ പോയതും മുഖ്യമന്ത്രിയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ മോശക്കാരനാക്കുന്ന ബിജെപി തന്ത്രം സിപിഎമ്മും പുറത്തെടുക്കുകയാണ്. നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തിയത് പിണറായിയെ അസ്വസ്ഥപ്പെടുത്തുന്നത് എന്തിനാണെന്നും കെസി വേണുഗോപാൽ ചോദിച്ചു.
രാഹുൽ ഗാന്ധി കേരളത്തെ പുകഴ്ത്തി പറഞ്ഞാൽ അത് വടക്കേ ഇന്ത്യക്കാർക്ക് എതിരാകുന്നത് എങ്ങിനെയാണ്? കേരളം ഇന്ത്യയിലല്ലേ? കേരള വിരുദ്ധ വികാരമുള്ളവരാണ് എതിർ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ ചർച്ചകൾ പൂർത്തിയാക്കും. വിജയ സാധ്യത നോക്കിയായിരിക്കും സ്ഥാനാർഥികളെ നിർത്തുക. പുതുമുഖങ്ങൾക്ക് പരിഗണന നൽകും. മാർച്ച് ആദ്യവാരത്തോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കും. രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ചെക്ക്-ഇൻ ബാഗേജ് ഇല്ലാത്ത വിമാന യാത്രക്കാർക്ക് ഇളവ് നൽകാൻ അനുമതി