ന്യൂഡെൽഹി: രാജ്യതലസ്ഥാനത്തെ വര്‍ദ്ധിച്ചു വരുന്ന വായുമലിനീകരണം പരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി നിലവില്‍ വന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്ര അദ്ധ്യക്ഷനായ സമിതിയാണ് ഡെല്‍ഹിയിലെ വായുഗുണനിലവാരം പരിശോധിക്കുന്നത്. രാജ്യത്തിലെ ഏറ്റവും കൂടുതല്‍ വായുമലിനീകരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മേഖലയാണ് ഡെല്‍ഹി. അടച്ചിടല്‍ കാലത്ത് ഡെല്‍ഹിയിലെ സ്ഥിതി മെച്ചപെട്ടിരുന്നു.
ഡെല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേന്ദ്രമന്ത്രി സഭയിലെ വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരുമാണ് അംഗങ്ങള്‍. പരിസ്ഥിതി, വനം, കൃഷി, പെട്രോളിയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വരാനിരിക്കുന്ന ശൈത്യകാലവും വിളവെടുപ്പ് കാലവും മുന്നില്‍ കണ്ടാണ് യോഗം വിളിച്ചു ചേര്‍ത്തത്. അതിന് മുന്നോടിയായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു . ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും അത് കൃത്യമായ ഇടവേളകളില്‍ വിലയിരുത്താനും യോഗത്തില്‍ ധാരണയായി.