മലപ്പുറം: നിലമ്പൂർ നിന്നും ഷൊർണൂർ വഴി കോട്ടയത്തേക്കുള്ള സ്‌പെഷ്യൽ എക്‌സ്‍പ്രസ് ട്രെയിൻ സർവീസിന് ഉജ്വല വരവേൽപ്പ്. ഒന്നര വർഷത്തിന് ശേഷമാണ് ഈ റൂട്ടിൽ പകൽ സമയത്തുള്ള ട്രെയിൻ സർവീസ് പുനരാംഭിക്കുന്നത്. കോട്ടയം എക്‌സ്‍പ്രസിന്റെ ആദ്യ ദിവസമായ ഇന്നലെ വിവിധ റെയിൽവേ സ്‌റ്റേഷനുകളിൽ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. കോവിഡ് പ്രതിസന്ധിക്കിടെ 2020 മാർച്ച് 23ന് ആണ് നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ പകൽ സർവീസുകൾ നിർത്തിയിരുന്നത്.
നേരത്തേ 14 പാസഞ്ചർ ട്രെയിനുകൾ ആയിരുന്നു ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. എന്നാൽ ആദ്യ ലോക്ക്‌ഡൗണിന് ശേഷം മറ്റു പാതകളിലെല്ലാം സ്‌പെഷ്യൽ ട്രെയിനുകളായി പാസഞ്ചറുകൾ സർവീസ് നടത്തിയപ്പോഴും നിലമ്പൂർ റൂട്ടിനെ മാത്രം അവഗണിക്കുകയാണ് ചെയ്‌തത്. അതേസമയം, കോട്ടയം സ്‌പെഷ്യൽ സർവീസിൽ യാത്ര ചെയ്യുന്നതിനായി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റിൽ 280 രൂപ നൽകേണ്ട സാഹചര്യത്തിൽ ട്രെയിനിൽ 90 രൂപ മാത്രമേ ആകുള്ളൂ.
കൂടാതെ 65 രൂപാ നിരക്കിൽ തൃശൂർ വരെയും യാത്ര ചെയ്യാവുന്നതാണ്. കോട്ടയത്തുനിന്ന് പുലർച്ചെ 5.15ന് പുറപ്പെടുന്ന ട്രെയിൻ 11.45ന് നിലമ്പൂരെത്തും. തുടർന്ന് വൈകുന്നേരം 3.10ന് നിലമ്പൂരിൽ നിന്ന് മടങ്ങുന്ന ട്രെയിൻ 10.15ന് കോട്ടയത്തെത്തും. ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. റിസർവേഷൻ സൗകര്യം ഉള്ള സ്‌റ്റേഷനുകളിലോ അല്ലെങ്കിൽ https://www.irctc.co.in/nget/train-search എന്ന സൈറ്റിലോ അല്ലെങ്കിൽ IRCTC Rail Connect മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യാവുന്നതാണ്.
Most Read: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്