പനജി: പ്രശസ്ത ബോളിവുഡ്-മറാഠി ചലച്ചിത്ര നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുലർച്ചെ 5.20ഓടെയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അഞ്ചു പതിറ്റാണ്ടുകളോളം ഹിന്ദി, മറാഠി സിനിമകളിൽ സജീവമായിരുന്ന നാനാ പടേക്കർ ഇന്ത്യയിലെ പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്. സിനിമകളിൽ തന്റേതായ ഒരു അഭിനയശൈലി കെട്ടിപ്പടുക്കാൻ ഈ കലാകാരന് സാധിച്ചിട്ടുണ്ട്.
1978ൽ പുറത്തിറങ്ങിയ ‘ഗമൻ’ എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കർ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. നാടകങ്ങളിലും മറാഠി, ഹിന്ദി സിനിമകളിലും വലിയ സംഭാവനകൾ നൽകി. ‘പരിന്ദ’, ‘അങ്കുഷ്’, ‘ക്രാന്തിവീർ’, ‘അഗ്നി സാക്ഷി’, ‘അബ് തക് ചപ്പൻ’, ‘നടസമ്രാട്ട്’, ‘വെൽക്കം’ തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീരപ്രകടനങ്ങൾ അദ്ദേഹത്തിന് വൻ ജനപ്രീതി നേടിക്കൊടുത്തു.
നാനാ പടേക്കറുടെ സവിശേഷമായ അഭിനയ ശൈലിയിലും സംഭാഷണങ്ങളും ഇന്ത്യൻ സിനിമയിലെ അപൂർവതയാണ്. ‘ക്രാന്തിവീർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കലാരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2013ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
‘പ്രഹാർ: ദി ഫൈനൽ അറ്റാക്ക്’ എന്ന ചിത്രം സംവിധാനം ചെയ്തു. രജനികാന്തിനൊപ്പം ‘കാല’ എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘വൻവാസ്’,’ ഹൗസ്ഫുൾ 5′, ‘ഓ റൊമീറ്റോ’ എന്നിവയാണ് അടുത്ത കാലത്തായി ഇറങ്ങിയ ചിത്രങ്ങൾ. മൂന്ന് ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1951ന് ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു ജനനം. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർഥ പേര്. ചലച്ചിത്രരംഗത്തിന് പുറമെ സാമൂഹിക സേവന രംഗത്തും കർഷക ക്ഷേമ പ്രവർത്തനങ്ങളിലും നാനാ പടേക്കർ സജീവമായിരുന്നു. മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യയും വരൾച്ചയും കണ്ടാണ് അദ്ദേഹം 2015ൽ നാം ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്.
ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിന് കർഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമെത്തിച്ചു. 1999ൽ നടന്ന കാർഗിൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുകയും സൈനികർക്കൊപ്പം അതിർത്തി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഹോണററി ലഫ്റ്റനന്റ് കേണൽ പദവിയും ആദ്ദേഹത്തിന് ഉണ്ടായിരുന്നു. ഭാര്യ: നീലകണ്ഠി പടേക്കർ. മകൻ: മൽഹാർ പടേക്കർ.
Most Read| നിറവും രൂപവും ഉൾപ്പടെ വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾ വരുത്താം; ഉത്തരവിറക്കി



































