നിറവും രൂപവും ഉൾപ്പടെ വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾ വരുത്താം; ഉത്തരവിറക്കി

എല്ലാ മാറ്റങ്ങളും ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ എന്ന് ഉത്തരവിൽ പറയുന്നു.

By Senior Reporter, Malabar News
CM VD Satheesan on Helicopter Travel Controversy
Image captured from a video on VD Satheesan's official Facebook page.

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മോട്ടോർ വാഹനവകുപ്പിന്റെ മുൻ‌കൂർ അനുമതിയോടെ വാഹനങ്ങളുടെ നിറവും രൂപവും ഉൾപ്പടെ ഏഴ് തരത്തിലുള്ള രൂപമാറ്റങ്ങൾ വരുത്താൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഗതാഗത കമ്മീഷണർ ജി സ്‌പർജൻ കുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

എൻജിനും ഷാസിയും ഉൾപ്പടെ ഏഴ് മാറ്റങ്ങൾക്കാണ് അനുമതി. എല്ലാ മാറ്റങ്ങളും ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ എന്ന് ഉത്തരവിൽ പറയുന്നു. 1988ലെ മോട്ടോർ വാഹന നിയമത്തെയും ചട്ടങ്ങളിലെയും വ്യവസ്‌ഥകൾ പ്രകാരമാണ് അനുമതി വാങ്ങേണ്ടത്. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർസി) രേഖപ്പെടുത്തുകയും വേണം.

നിറം മാറ്റുന്നത് രജിസ്‌റ്ററിങ് അതോറിറ്റിയുടെ അനുമതിയോടെ, ആർസിയിൽ രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ പാടുള്ളൂ എന്ന് ഉത്തരവിൽ പറയുന്നു. കേന്ദ്ര മോട്ടോർവാഹന ചട്ടം (സിഎംവിആർ) 121 പ്രകാരമോ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനങ്ങൾ പ്രകാരമോ നിരോധിക്കപ്പെട്ട നിറം ഉപയോഗിക്കാൻ പാടില്ല.

വാഹനത്തിൽ ഉപയോഗിച്ചിട്ടുള്ള അതേ സ്‌പെസിഫിക്കേഷനിലുള്ള (ഒരേ മോഡൽ, കപ്പാസിറ്റി, പവർ മുതലായവ) എൻജിൻ ആർസിയിൽ രേഖപ്പെടുത്തി മാത്രമേ മാറ്റിവയ്‌ക്കാൻ കഴിയൂ. ഒരേ നിർമാതാവിന്റെ എൻജിനായിരിക്കണം. മറ്റേതെങ്കിലും വാഹനത്തിന്റെ എൻജിൻ മാറ്റിവെക്കുന്നത് അനുവദിക്കില്ല. ഷാസി ഫ്രെയിം മാറ്റവും ബോഡി ഘടനയിലെ മാറ്റവും മുൻ‌കൂർ അനുമതിയോടെ ആർസിയിൽ രേഖപ്പെടുത്തി അനുവദിക്കും.

ഒരുതരത്തിലുള്ള വാഹനത്തിനായി നിർമിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റാൻ അനുമതിയുണ്ടാകില്ല. ഇന്ധന ടൈപ്പ് മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്‌റ്റം പരിഷ്‌കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. വിശദമായ ഉത്തരവ് ഗതാഗത കമ്മീഷണർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും അയച്ചു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE