വയനാട്: കൃഷിഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം വയനാട് കളക്‌ട്രേറ്റ് പടിക്കൽ നടത്തുന്ന സമരം ഏഴ് വർഷം പിന്നിട്ടിട്ടും നീതി ലഭിച്ചില്ല. വയനാട് കുഞ്ഞിരങ്ങാട് വില്ലേജിൽ വില കൊടുത്ത് വാങ്ങിയ 12 ഏക്കർ കൃഷിഭൂമി അടിയന്തരാവസ്‌ഥ കാലത്താണ് വനംവകുപ്പ് ഏറ്റെടുത്തത്. ഇതോടെ സ്വന്തം ഭൂമിയിൽ നിന്ന് കയ്യേറ്റക്കാരായി ഒരു കുടുംബം ഒന്നാകെ തെരുവിലേക്കെറിയപ്പെട്ടു.
വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത കൃഷിഭൂമി തിരികെ ആവശ്യപ്പെട്ട് കാഞ്ഞിരത്തിനാൽ കുടുംബം 2015 ഓഗസ്‌റ്റ് 15ന് ആണ് വയനാട് കളക്‌ട്രേറ്റ് പടിക്കൽ സമരം തുടങ്ങിയത്. സമരം തുടങ്ങി നാളിതുവരെ ആയിട്ടും കുടുംബവുമായി സർക്കാരിന് സമവായത്തിലെത്താൻ സാധിച്ചിട്ടില്ല. വനംവകുപ്പ് പിടിച്ചെടുത്തത് കാഞ്ഞിരത്തിനാൽ കുടുംബം വിലക്ക് വാങ്ങിയ കൃഷി ഭൂമിയാണെന്ന് വിവിധ അന്വേഷണത്തിൽ കണ്ടെത്തിയതാണ്. എന്നാൽ, കുടുംബത്തിന്റെ നിയമ പോരാട്ടങ്ങളിൽ സർക്കാർ ഒപ്പം നിന്നില്ല.
ഭൂമി തിരികെ നൽകുകയോ, കമ്പോള വില ലഭ്യമാക്കുകയോ വേണമെന്ന നിലപാടിലാണ് കുടുംബം. പകരം ഭൂമി നൽകാൻ സർക്കാർ സന്നദ്ധത അറിയിച്ചെങ്കിലും സ്വീകരിക്കാൻ കുടുംബം തയ്യാറായില്ല. കമ്പോള വിലയുടെ കാര്യത്തിൽ സർക്കാരും കുടുംബവും ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. സെന്റിന് 15,000 രൂപയാണ് ജില്ലാ ഭരണകൂടം കണക്കാക്കിയത്. അതേസമയം, കുടുംബസമേതം ജീവനൊടുക്കുന്നതിന് അനുമതി തേടി കാഞ്ഞിരത്തിനാൽ കുടുംബം രാഷ്‌ട്രപതിക്കും സുപ്രിം കോടതി ചീഫ് ജസ്‌റ്റിസിനും കത്തയച്ചിട്ടുണ്ട്.
Most Read: റോപ് വേ പൊളിച്ചു; മാർച്ചോടെ അനധികൃത നിർമാണങ്ങൾ പൂർണമായി നീക്കും