നിലമ്പൂർ: കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് സികെ അബ്‌ദുൾ ലത്തീഫിന്റെ പേരിലുള്ള ഭൂമിയിലെ റോപ് വേ പൂർണമായി പൊളിച്ചു നീക്കി. അനധികൃത നിർമാണമെന്ന പരാതിയിൽ തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്‌മാന്റെ അന്ത്യശാസനയെ തുടർന്നാണ് നടപടി. കക്കാടംപൊയിലിലെ അരുവിക്ക് കുറുകെയുള്ള മൂന്ന് മലകളെ ബന്ധിപ്പിക്കുന്ന റോപ് വേയുടെ മൂന്ന് ഇരുമ്പ് ടവറുകളാണ് പൊളിച്ചു നീക്കിയത്. കോൺക്രീറ്റ് അടിത്തറ ഉൾപ്പടെയുള്ളവ വൈകാതെ പൊളിച്ചു നീക്കുമെന്നും അധികൃതർ അറിയിച്ചു.
അഞ്ചു വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിൽ പൊളിച്ചു നീക്കാൻ ഉത്തരവ് ഇട്ടിരുന്നെങ്കിലും നടപടി എടുക്കാത്തതിനെതിരെ ഓംബുഡ്‌സ്‌മാൻ അന്ത്യശാസന നൽകിയിരുന്നു. ഇതോടെയാണ് ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പിവി അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കുന്നത്. മാർച്ചോടെ അനധികൃത നിർമാണ പ്രവർത്തനം പൂർണമായും പൊളിച്ചു നീക്കാനാണ് ഓംബുഡ്‌സ്‌മാന്റെ ഉത്തരവ്. നടപടി നിർത്തിവെക്കാൻ ഭൂ ഉടമ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും കോടതി ഇടപെട്ടിരുന്നില്ല.
കേസ് 22ന് വീണ്ടും പരിഗണിക്കും. ഇതിനിടെ പൊളിച്ചു നീക്കുന്നതിന് ചിലവ് വന്ന 1.47 ലക്ഷം രൂപ ഭൂ ഉടമയിൽ നിന്ന് ഈടാക്കുമെന്നും പഞ്ചായത്ത് വ്യക്‌തമാക്കി. അനുമതിയില്ലാതെ കെട്ടിയ തടയണ പൊളിച്ചു നീക്കാൻ നേരത്തെ ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു. 2015-16 കാലയളവിലാണ് ചീങ്കണ്ണി പാലിയിൽ അനുമതിയില്ലാതെ പ്രവൃത്തികൾ നടന്നത്. റസ്‌റ്റൊറന്റിനായുള്ള അനുമതിയുടെ മറവിൽ നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചു മാറ്റി നവംബർ 30ന് റിപ്പോർട് നൽകാൻ ഓംബുഡ്‌സ്‌മാൻ നേരത്തെ ഉത്തരവ് നൽകിയിരുന്നെങ്കിലും നടപ്പിലായില്ല.
തുടർന്ന് ഉത്തരവ് നടപ്പിലാക്കുന്ന കാര്യത്തിൽ വീഴ്‌ച സംഭവിച്ചാൽ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്‌സ്‌മാൻ പിഎസ് ഗോപിനാഥൻ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് നടപടി. അതേസമയം, റോപ് വേ പൊളിച്ചത് തനിക്ക് ഒരു രോമം പോയത് പോലെ നിസാരമാണെന്നാണ് പിവി അൻവർ പ്രതികരിച്ചത്. ഫേസ്‌ബുക്കിലൂടെ ആയിരുന്നു പ്രതികരണം. ഇത്ര ആഘോഷിക്കാൻ മാത്രം ഇവിടെ ആരും പൊട്ടിക്കരഞ്ഞ് തളർന്നുകിടക്കാൻ പോകുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Most Read: ഗവർണറെ മാറ്റാൻ നിയമസഭക്ക് അധികാരം നൽകണം; ശുപാർശയുമായി കേരളം