തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തോട് കേരളം. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്‌ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്‌ച എന്നിവ ഉണ്ടായാല്‍ ഗവര്‍ണറെ നീക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
ഗവര്‍ണര്‍ നിയമനം സര്‍ക്കാരുമായി ആലോചിച്ച് വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര- സംസ്‌ഥാന ബന്ധങ്ങളില്‍ വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോർട് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജസ്‌റ്റിസ് മദന്‍ മോഹന്‍ പൂഞ്ചി കമ്മീഷനാണ് കേരളം ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നിയമ സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഈ ശുപാര്‍ശ കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു.
ഗവര്‍ണറെ പദവിയില്‍നിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം, ഗവര്‍ണറുടെ നിയമനം സര്‍ക്കാരുമായി ആലോചിക്കണം, ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്‌ഥാനം ആവശ്യപ്പെടുന്നു. 35 വയസ് പൂര്‍ത്തിയായ ആരെയും ഗവര്‍ണറാക്കാം എന്നതിനോട് സംസ്‌ഥാന സര്‍ക്കാര്‍ യോജിക്കുന്നുണ്ടെങ്കിലും ഈ പദവിയുടെ അന്തസ് അനുസരിച്ചുള്ള ആളെയാകണം ഗവര്‍ണര്‍ ആക്കേണ്ടത് എന്ന നിർദ്ദേശവും സര്‍ക്കാര്‍ കേന്ദ്രത്തിന്റെ മുന്നിൽ വെക്കുന്നു.
ഭരണഘടനാപരമായ മറ്റ് ചുമതലകള്‍ നിര്‍വഹിക്കുന്ന ആളായതിനാല്‍ ചാന്‍സലര്‍ പദവി കൂടി ഗവര്‍ണര്‍ക്ക് നല്‍കേണ്ടതില്ലെന്ന നിലപാടും സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് സംസ്‌ഥാനവുമായി കൂടിയാലോചിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു. നിയമ വകുപ്പ് തയ്യാറാക്കിയ റിപ്പോർട് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണുള്ളത്. നിലവില്‍ ഗവര്‍ണറുമായി തുറന്ന പോര് തുടരുന്നതിനിടെയാണ് ഈ ശുപാര്‍ശയെന്നത് ശ്രദ്ധേയമാണ്.
Most Read: കിഴക്കമ്പലത്തെ കൊലപാതകം; പിവി ശ്രീനിജനെ ഒന്നാം പ്രതിയാക്കണമെന്ന് കെ സുധാകരൻ