എട്ടു പതിറ്റാണ്ട് നീണ്ട കാവ്യ ജീവിതത്തിന് അവസാനം; മഹാകവി അക്കിത്തം വിടവാങ്ങി

By Desk Reporter, Malabar News
Akkitham_2020-Oct-15
Ajwa Travels

തൃശൂർ: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8.10ഓടെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്‌ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. ബാല്യത്തിൽ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ സാഹിത്യകാരനും സാമൂഹ്യപരിഷ്‌കർത്താവും പത്രപ്രവർത്തകനും ആയിരുന്ന എം. രാമൻ ഭട്ടതിരിപ്പാടിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണമായ ‘ഉണ്ണിനമ്പൂതിരി’യുടെ പ്രസാധകനായി 1946- മുതൽ മൂന്നു കൊല്ലം അദ്ദേഹം പ്രവർത്തിച്ചു.

പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്‌ക്രിപ്‌റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികൾ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദർശനം, മനസ്സാക്ഷിയുടെ പൂക്കൾ, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലിൽ, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്‌പർശമണികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, മാനസപൂജ എന്നിവയാണ് പ്രധാനകൃതികൾ. ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവിൽ 2019 ലെ ജ്ഞാനപീഠ പുരസ്‌കാരവും മലയാളത്തിന്റെ മഹാകവിയെ തേടിയെത്തി. അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനായി അക്കിത്തം. ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴാണ് മഹാകവിയുടെ വിടവാങ്ങൽ.

ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. പ്രശസ്‌ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE