ന്യൂഡെൽഹി: ബിജെപി അധികാരത്തിൽ ഉള്ളിടത്തോളം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് മതാധിഷ്‌ഠിത സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒബിസിക്കാരുടെയും ദളിത് വിഭാഗക്കാരുടെയും ഗോത്രവർഗക്കാരുടെയും സംവരണ പരിധി കുറച്ച് മുസ്‌ലിം വിഭാഗക്കാർക്ക് സംവരണം നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു.
ജാർഖണ്ഡിലെ പലാമുവിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് അമിത് ഷായുടെ പരാമർശം. ”കോൺഗ്രസ് സംവരണത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ, മതത്തിന്റെ അടിസ്‌ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടന അനുവദിക്കുന്നില്ല.
മുസ്‌ലിംങ്ങൾക്ക് 10% സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ ചില സംഘടനകൾ കോൺഗ്രസ് നേതൃത്വത്തിന് നിവേദനം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സഹായിക്കാമെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് അധ്യക്ഷൻ അവർക്ക് ഉറപ്പ് നൽകി.
മുസ്‌ലിംങ്ങൾക്ക് 10% സംവരണം നൽകിയാൽ ദളിതർക്കും ആദിവാസികൾക്കും പിന്നാക്ക ജാതിക്കാർക്കുമുള്ള സംവരണം വെട്ടിക്കുറയ്‌ക്കപ്പെടും. ബിജെപി അധികാരത്തിൽ ഉള്ള കാലം വരെ ന്യൂനപക്ഷങ്ങൾക്ക് ഈ രാജ്യത്ത് സംവരണം നൽകില്ല. അത്തരം ഗൂഢാലോചനകൾ രാഹുൽ ഗാന്ധിയുടെ മനസിലുണ്ടെങ്കിൽ അത് നടക്കില്ല. കോൺഗ്രസ് ഒബിസി വിരുദ്ധ പാർട്ടിയാണ്”- അമിത് ഷാ പറഞ്ഞു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!