കണ്ണൂർ: ജില്ലയിൽ വൻ മണൽവേട്ട. പടിയൂർ പൂവം കടവിലാണ് വൻ മണൽവേട്ട നടന്നത്. ഇവിടെ നിന്ന് ഇരിക്കൂർ പോലീസിന്റെ നേതൃത്വത്തിൽ 13 ലോഡ് മണലും മണൽ വാരാൻ ഉപയോഗിച്ച മൂന്ന് തോണികളും പിടികൂടി. പോലീസിനെ കണ്ടതിനെ തുടർന്ന് മണലും തോണിയും ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
ഇരിക്കൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് എസ്‌ഐ എംവി ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പടിയൂർ പൂവം കടവിൽ പരിശോധന നടത്തിയത്. സംഘം പുഴയിൽ നിന്ന് മണൽ വാരി തോണിയിൽ നിറച്ച് കരയിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ കണ്ടതോടെ മണൽക്കടത്ത് സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
ഇവിടെ നിന്ന് അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറിയെ പോലീസ് സംഘം പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. അതേസമയം, പിടിച്ചെടുത്ത മണൽ നിർമിതി കേന്ദ്രത്തിന് കൈമാറി. എസ്‌ഐമാരായ ജയശീലൻ, റോയി ജോണ്, ഡെപ്യൂട്ടി തഹസിൽദാർ ലക്ഷ്‌മണൻ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
Read Also: തൃത്താല ഭാരതപ്പുഴയിൽ കയാക്കിങ് മേളയ്‌ക്ക് തുടക്കമായി