അബുദാബി: അന്തിമകരാറിലേക്ക് അടുക്കുന്നുവെന്ന് പറയുമ്പോഴും, പശ്‌ചിമേഷ്യയിലെ ആക്രമണങ്ങൾക്ക് അറുതിയില്ല. വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ, ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം നടത്തി. വ്യാഴാഴ്‌ച രാത്രി ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി മിസൈലാക്രമണം ഉണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ജനങ്ങൾ സുരക്ഷിത സ്‌ഥാനങ്ങളിൽ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇറാന്റെ മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തടഞ്ഞുവരികയാണെന്നും മന്ത്രാലയം വ്യക്‌തമാക്കി.
അതിനിടെ, ഹോർമുസ് കടലിടുക്കിൽ വീണ്ടും അശാന്തി പരത്തി യുഎസ്-ഇറാൻ ഏറ്റുമുട്ടൽ. ഹോർമുസിൽ ഇറാൻ ടാങ്കറിന് നേരെ യുഎസ് നടത്തിയതായി ഇറാൻ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഇറാനിലെ ക്വേഷം തുറമുഖത്തും ബന്ദർ അബ്ബാസ് തുറമുഖത്തുമായാണ് യുഎസ് സൈന്യത്തിന്റെ ആക്രമണം ഉണ്ടായത്.
ഇവിടെനിന്നും സ്‍ഫോടകശബ്‌ദം ഉണ്ടായതായും ഡ്രോൺ ആക്രമണം ഉണ്ടായതായുമാണ് റിപ്പോർട്. രണ്ട് ഡ്രോണുകളും ഇറാൻ സൈന്യം വെടിവെച്ചിട്ടതായും പറയുന്നു. ഇറാനിയൻ എണ്ണ ടാങ്കറിനെ ലക്ഷ്യംവെച്ചതിലൂടെ അമേരിക്ക വെടിനിർത്തൽ ലംഘിച്ചതായി ഇറാൻ വക്‌താവ് പറഞ്ഞു.
കൂടാതെ, യുഎഇയിലെ ഫുജൈറ തുറമുഖത്തിന് എതിർവശത്തുള്ള ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിച്ച മറ്റൊരു കപ്പലിനെയും അമേരിക്ക ലക്ഷ്യംവെച്ചതായി ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഏതൊരു ആക്രമണത്തിനും ഒരുനിമിഷം പോലും വൈകാതെ ശക്‌തമായ തിരിച്ചടി നൽകുമെന്നും യുഎസിന് ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുന്ന ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ് തങ്ങൾ തകർത്തതെന്നും ഇത് ഇറാന്റെ ആക്രമണങ്ങൾക്കുള്ള മറുപടിയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഏപ്രിൽ ഏഴിന് നിലവിൽവന്ന വെടിനിർത്തൽ കരാറിന് ശേഷമുണ്ടായ ആദ്യ ഏറ്റുമുട്ടലാണിത്.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്



































