ന്യൂഡെൽഹി: ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഡെൽഹി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാ പരിശോധന കൂട്ടിയത്. വ്യാഴാഴ്‌ച രാത്രി 10.30ഓടെ ഡെൽഹി റാന്‍ഹോല പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്.
ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്നായിരുന്നു അജ്‌ഞാതന്റെ ഭീഷണി. അമേരിക്കയിലെ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് സമാനമായി വിമാനം തകര്‍ക്കുമെന്നായിരുന്നു ഭീഷണിയിൽ പറഞ്ഞത്. കര്‍ശന പരിശോധനകള്‍ക്ക് ശേഷം വിമാനം ഇന്നലെ ലണ്ടനിലേക്ക് തിരിച്ചു. ഇതിന് പിന്നാലെ വെള്ളിയാഴ്‌ചയും സമാനമായ ഭീഷണി സന്ദേശം പോലീസിന് ലഭിച്ചു.
വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നും ആയിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷാ പരിശോധന കൂട്ടിയതിനാൽ യാത്രക്കാർ വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്ന് അധികൃതർ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നാണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ ഇരുപതാം വാർഷികദിനം. അതിനാൽ തന്നെ കരുതലോടെയാണ് പോലീസിന്റെയും, എയർപോർട്ട് സുരക്ഷാ വിഭാഗത്തിന്റെയും നീക്കങ്ങൾ.
Read Also: ആത്‌മഹത്യയുടെ വക്കിലെന്ന് വിസ്‌മയ; കിരണിന്റെ സഹോദരിയുടെ ചാറ്റ് വിവരങ്ങൾ പ്രധാന തെളിവ്