9/11 ആക്രമണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്; സമാനതകളില്ലാത്ത ഭീകരതയുടെ പ്രതീകം

By Nidhin Sathi, Official Reporter
  • Follow author on
Smoke-flames-twin-tower
Ajwa Travels

ന്യൂയോർക്ക്: ലോക മനസാക്ഷിയെ ഞെട്ടിച്ച 9/11 ഭീകരാക്രണത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട് തികയുന്നു. ഇതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗത്തും അനുസ്‌മരണ പരിപാടികൾ നടക്കും. അമേരിക്കയിൽ ഉടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികളും സർക്കാർ സംഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങൾ ഇടിച്ചിറങ്ങിയ വേൾഡ് ട്രേഡ് സെന്ററിലും, പെന്റഗണിലും, പെൻസിൽവാനിയയിലും കൊല്ലപ്പെട്ടവരുടെ ഉറ്റവർ ഒത്തുചേരും.

2001 സെപ്റ്റംബർ 11ന് ഇസ്‌ലാമിക തീവ്രവാദ സംഘടനയായ അൽഖ്വയിദയിലെ 19 അംഗങ്ങൾ ചേർന്നാണ് നാല്‌ അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചിയത്. ഇതിൽ രണ്ടെണ്ണം ന്യൂയോർക്ക്‌ സിറ്റി മാൻഹട്ടനിലുളള ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്ക്‌ ഇടിച്ചു കയറ്റുകയായിരുന്നു.

ഒരെണ്ണം വിർജീനിയയിലെ പെന്റഗൺ ആസ്‌ഥാനത്തിലേക്കും ഇടിച്ചിറക്കി. വൈറ്റ്ഹൗസ് ലക്ഷ്യമാക്കി പറന്ന നാലാമത്തെ വിമാനം യാത്രക്കാരുടെ ശക്‌തമായ ചെറുത്ത് നിൽപിനെ തുടർന്ന് പെൻസിൽവാനിയയിലെ സോമർസെറ്റ് കൗണ്ടിക്ക് സമീപം തകർന്നു വീഴുകയായിരുന്നു.

അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോകവ്യാപാര കേന്ദ്രത്തിന്റെ ഏറ്റവും പൊക്കംകൂടിയ രണ്ട് ടവറുകൾ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി തകർത്തപ്പോൾ ലോകം വിറങ്ങലിച്ചു. യുദ്ധതന്ത്രങ്ങളേക്കാൾ സൂക്ഷ്‌മതയോടെ നടപ്പിലാക്കിയ ഈ ഭീകരാക്രമണത്തിന്‌ ലോകചരിത്രത്തിൽ സമാനതകളില്ല.

ചാവേർ ആക്രമണം വിതച്ച നാശ നഷ്‌ടക്കണക്കുകളിൽ ഇന്നും അവ്യക്‌തതയുണ്ട്‌. ആകെ 2985 പേർ മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകളിൽ നിന്ന് ലഭിക്കുന്ന വിവരം. വിമാന യാത്രക്കാർ-265, ലോക വ്യാപാര കേന്ദ്രത്തിലെ-2595 പേർ (ഇതിൽ 343 പേർ അഗ്‌നിശമന സേനാംഗങ്ങളാണ്‌), പെന്റഗണിലെ 125 പേർ എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ എണ്ണം.

9/11 attack
ദുരന്ത സമയത്തെ രക്ഷാപ്രവർത്തനം

110 നിലകളുള്ള ഇരട്ട സമുച്ചയങ്ങൾക്ക് പുറമെ, ലോക വ്യാപാര കേന്ദ്രത്തിലെ അഞ്ച് കെട്ടിടങ്ങൾക്ക് കൂടി കേടുപാടുകൾ പറ്റിയിരുന്നു. ഇതുകൂടാതെ, മാൻഹട്ടൻ ദ്വീപിലെ ഇരുപത്തഞ്ചോളം കെട്ടിടങ്ങൾക്കും നാല്‌ ഭൂഗർഭ സ്‌റ്റേഷനുകൾക്കും കനത്ത നാശനഷ്‌ടമുണ്ടായി. വാർത്താവിനിമയ സംവിധാനങ്ങൾ അപ്പാടെ തകർന്നു. പെന്റഗൺ ആസ്‌ഥാന മന്ദിരത്തിന്റെ ഒരു ഭാഗം പൂർണമായി തകരുകയും ചെയ്‌തിരുന്നു.

ആക്രമണത്തിന് ശേഷം രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും അമേരിക്കയിൽ ഇതിന്റെ മുറിവുകൾ ഉണങ്ങിയിട്ടില്ല. 9/11 ആക്രമണത്തിന് പിന്നാലെയാണ് അഫ്‌ഗാനിലെ ഭീകരവാദ വിരുദ്ധ പോരാട്ടം അമേരിക്ക ആരംഭിച്ചത്. എന്നാൽ നീണ്ട ഇരുപത് വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം യുഎസ് സൈന്യം അഫ്‌ഗാൻ വിട്ടതോടെ താലിബാൻ അവിടെ അധികാരം സ്‌ഥാപിച്ചു കഴിഞ്ഞു. ഈ സംഭവ വികാസങ്ങൾക്ക് നടുവിലാണ് ഇക്കുറി 9/11 അനുസ്‌മരണം നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

9/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്‌മാരകം

പ്രസിഡണ്ട് ജോ ബൈഡനും, പ്രഥമ വനിത ജിൽ ബൈഡനും മൂന്ന് ദുരന്ത സ്‌ഥലങ്ങളും സന്ദർശിക്കും. ഭീകരാക്രമണത്തിന്റെ ഇനിയും വെളിപ്പെടാത്ത ചില രഹസ്യ രേഖകൾ അമേരിക്ക പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്. വരുന്ന ആറ് മാസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട രഹസ്യ രേഖകളെല്ലാം സർക്കാർ പുറത്തുവിട്ടേക്കും.

Read Also: ഡെൻമാർക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE