കാസർഗോഡ്: പാണത്തൂരിൽ വീടിന് മുകളിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം. ജനുവരി മൂന്നിനാണ് പാണത്തൂരിൽ നിയന്ത്രണംവിട്ട ബസ് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞത്. പാണത്തൂർ സ്വദേശി ജോസഫിന്റെ വീടിന് മുകളിലാണ് ബസ് മറിഞ്ഞത്. അപകടത്തിൽ ജോസഫിന്റെ വീടിന്റെ ഒരുഭാഗം മുഴുവനായും തകർന്നിരുന്നു.
ഒരു കിടപ്പുമുറിയും അടുക്കളയും മാത്രമാണ് അവശേഷിക്കുന്നത്. ഇതുതന്നെ മഴയിൽ കുതിർന്ന് ഏത് നിമിഷവും നിലംപൊത്താറായ അവസ്‌ഥയിലാണ്. അപകടം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നഷ്‌ടപരിഹാരം ലഭിച്ചില്ലെന്നാണ് ജോസത്തിന്റെ കുടുംബം പറയുന്നത്. വീട് നന്നാക്കാൻ വേറെ മാർഗം ഇല്ലാതെ പ്രതിസന്ധിയിലാണ് കുടുംബം. ജോസഫും ഭാര്യ മേരിയും കൂലിപ്പണിക്കാരാണ്.
തകർന്ന വീടിനോട് ചേർന്ന് ഇവർ ഒരു തറ കെട്ടിയിട്ടുണ്ട്. നഷ്‌ടപരിഹാര തുക ലഭിച്ചാലുടൻ വീടുപണി ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് തുക അനുവദിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. മഴക്കാലത്ത് ജീവൻ പണയംവെച്ചാണ് വീട്ടിൽ കഴിഞ്ഞതെന്നും ജോസഫ് പറഞ്ഞു. അതേസമയം, അപകടത്തിൽ ഏഴ് പേർ മരിച്ചിരുന്നു.
Read Also: സൈലന്റ് വാലി പരിസ്‌ഥിതി ലോല പ്രദേശം; പ്രതിഷേധവുമായി കർഷകർ