പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിലെ കരടു വിജ്‍ഞാപനത്തിന് എതിരെ പ്രതിഷേധവുമായി കർഷകർ. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള 148 ചതുരശ്ര കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖലയാക്കാനുള്ള കരടുവിജ്‍ഞാപനം കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ സംഘം അംഗീകരിച്ചതിനെ തുടർന്നാണ് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. നടപടിക്ക് എതിരെ അടുത്ത ദിവസം തന്നെ കർഷക സംരക്ഷണ സമിതി ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകും.
കരടുവിജ്‍ഞാപനത്തിനെതിരെ കോടതി നൽകിയ ഉറപ്പുകൾ കേന്ദ്രം ലംഘിച്ചുവെന്നാണ് കർഷക സമിതിയുടെ പരാതി. വിജ്‍ഞാപനം അംഗീകരിക്കും മുൻപ് വിശദമായ വിജ്‍ഞാപനം മലയാളത്തിൽ ഇറക്കുകയും പബ്ളിക് ഹിയറിങ് നടത്തുകയും ചെയ്യണമെന്നായിരുന്നു കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. എന്നാൽ, ഹൈക്കോടതി ഉത്തരവ് മാനിക്കാതെ വിജ്‍ഞാപനം അംഗീകരിച്ചത് കോടതിയലക്ഷ്യമെന്നാണ് കർഷകർ ഉന്നയിക്കുന്ന വാദം.
വിജ്‍ഞാപനത്തിനെതിരെ പ്രക്ഷോഭ പരിപാടികൾ നടത്താനാണ് കർഷകരുടെ തീരുമാനം. പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 12 വില്ലേജുകളിലെ പ്രദേശങ്ങളാണ് ഇതിൽ ഉൾപ്പെടുക. നിരവധി ജനവാസ മേഖലകളും ഉൾപ്പെടും. അതേസമയം, 1,84,000 ഏക്കർ കാർഷിക ഭൂമിയും ഈ നടപടിയുടെ ഭാഗമായി നഷ്‌ടപ്പെടുമെന്നാണ് കർഷകർ പറയുന്നത്. വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ സമിതിയാണ് അന്തിമ വിജ്‍ഞാപനത്തിന് അംഗീകാരം നൽകിയത്.
Read Also: അകാരണമായി പോലീസ് മർദ്ദനം; ആരോപണവുമായി ഓട്ടോ ഡ്രൈവർ