വയനാട്: ഗോത്ര കർഷകനും പരമ്പരാഗത നെൽക്കൃഷിയുടെ സംരക്ഷകനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
വയനാട് മാനന്തവാടി എടവക കമ്മനയിലെ ആദിവാസി കർഷകനാണ് ‘തലക്കര ചെറിയ രാമൻ’ എന്ന ‘ചെറുവയൽ രാമൻ’. വയനാട്ടിൽ പ്രാചീനകാലം മുതൽ ഗോത്രവിഭാഗങ്ങൾ ഉൾപ്പടെ ഉപയോഗിച്ചിരുന്ന നെൽവിത്തുകളുടെ സംരക്ഷകനായിരുന്നു.
ചെറുവയൽ കുറിച്യ തറവാട്ടിലെ കേളപ്പന്റയും തേയിയുടെയും മകനായി 1952ലാണ് ജനനം. രണ്ടാം വയസുമുതൽ പിതാവിനെ പിരിഞ്ഞു അമ്മാവനോടൊപ്പമാണ് താമസിച്ചിരുന്നത്. ദാരിദ്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം. കമ്മന നവോദയ എൽപി സ്കൂളിൽ അഞ്ചാം ക്ളാസ് വരെ മാത്രം പഠിച്ചു.
പത്താം വയസുമുതൽ കാർഷിക ജീവിതം ആരംഭിച്ചു. 1969ൽ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കണ്ണൂർ ഡിഎംഒ ഓഫീസിൽ വാർഡനായി ജോലി ലഭിച്ചെങ്കിലും കൃഷിഭൂമി ഉപേക്ഷിച്ചുപോകാൻ ഇഷ്ടമില്ലാത്തതിനാൽ ആ ജോലി വേണ്ടെന്നുവെച്ചു.
ജീവിതാനുഭവങ്ങളിലൂടെയാണ് രാമൻ വലിയ അറിവുകൾ സ്വന്തമാക്കിയത്. പരിസ്ഥിതിയുടെയും നെൽക്കൃഷിയുടെയുമെല്ലാം പ്രാധാന്യം തിരിച്ചറിഞ്ഞ രാമൻ ബ്രസീലിലെ ലോക കാർഷിക സെമിനാറിലടക്കം ഇന്ത്യയുടെ ശബ്ദമായി മാറിയിട്ടുണ്ട്. 2011ൽ ഹൈദരാബാദിൽ വച്ചുനടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള 11 രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചതും ഇദ്ദേഹമാണ്.
17ആം വയസിൽ അമ്മാവൻ മരണമടഞ്ഞതോടെ ഗോത്രത്തിന്റെയും കൃഷിയുടെയും ചുമതല രാമനായി. തറവാട്ടിൽ അമ്മാവൻ ഏൽപ്പിച്ച നെൽവിത്തുകളും കന്നുകാലികളും ഏക്കറുകണക്കിന് ഭൂമിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇതോടെ രാമൻ ഏറ്റെടുത്തു.
കുന്നുംകുളമ്പാൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുണ്ണി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങിയ വിത്തുകളുടെ സംരക്ഷകനായിരുന്നു.
കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയർ പുരസ്കാരം ഉൾപ്പടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ: ഗീത. മക്കൾ: രമണി, രമേശൻ, രാജേഷ്.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം




































