നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാലുലക്ഷം രൂപ അനുവദിച്ചു. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19), കെ രതീഷ് (32), ബിജു (38), സി സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് ചികിൽസയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം 28ന് അർധരാത്രി ക്ഷേത്രത്തിലെ കാളിയാട്ടത്തിനിടെയുണ്ടായ അപകടത്തിൽ 154 പേർക്കാണ് പരിക്കേറ്റത്.
അതേസമയം, ഷൊർണൂർ റെയിൽവേ പാലത്തിൽ ശുചീകരണ പ്രവർത്തനത്തിനിടെ ട്രെയിൻ തട്ടി മരിച്ച തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതർക്ക് മൂന്നുലക്ഷം രൂപ വീതവും അനുവദിച്ചു. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 3.05ന് പാലക്കാട്- തൃശൂർ ലൈനിലെ ഷൊർണൂർ പാലത്തിൽ തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്‌പ്രസ് തട്ടിയാണ് ദമ്പതികളടക്കം നാലുപേർ മരിച്ചത്.
ഒറ്റപ്പാലത്ത് വാടകയ്‌ക്ക് താമസിക്കുന്ന സേലം അയോധ്യാപട്ടണം അടിമലൈപുത്തൂർ സ്വദേശികളായ ലക്ഷ്‌മണൻ (60), ഭാര്യ വള്ളി (55), വള്ളിയുടെ ബന്ധു റാണി (45), റാണിയുടെ ഭർത്താവ് ലക്ഷ്‌മണൻ (48) എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴയ്‌ക്ക് കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെയാണ് നാലുപേരും അപകടത്തിൽപ്പെട്ടത്.
Most Read| സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ