തൃശൂർ: ഹാസ്യനടനും കലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ 4.30ന് തൃശൂർ കയ്‌പമംഗലം പനമ്പിക്കുന്നിൽ വെച്ചാണ് അപകടം ഉണ്ടായത്. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞു മടങ്ങുകയായിരുന്നു.
ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. കയ്‌പമംഗലം പോലീസ് സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച കലാകാരനാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെയാണ് കൊല്ലം സുധി സിനിമയിലെത്തിയത്. 2015ൽ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തിയത്. കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്റ് ഇന്റർനാഷണൽ ലോക്കൽ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥൻ, എസ്‌കേപ്പ്, സ്വർഗ്ഗത്തിലെ കട്ടുറമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
Most Read: ഒഡീഷ ട്രെയിൻ അപകടം; കേസ് സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി