ബാലസോർ: ഒഡീഷയിലെ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. റെയിൽവേ ബോർഡ് സിബിഐ അന്വേഷണം ശുപാർശ ചെയ്‌തു. ബാലസോറിൽ ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുക ആണെന്നും മന്ത്രി വ്യക്‌തമാക്കി.
ട്രാക്കുമായി ബന്ധപ്പെട്ട പ്രവൃത്തികൾ പൂർത്തിയായെന്നും വയറിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അപകടത്തിൽ 275 പേർ മരിച്ചതായാണ് ഒഡീഷ സർക്കാർ സ്‌ഥിരീകരിച്ചത്. മരിച്ചവരിൽ 88 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയുന്നതായി ചിത്രങ്ങൾ ഒഡീഷ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധനയും നടത്താനാണ് തീരുമാനം. അപകടത്തിൽ പരിക്കേറ്റ ആയിരത്തിലേറെ പേരിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നവരുടെ വിവരവും സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിഗ്‌നലിങ് പ്രശ്‌നം ഉണ്ടായതാണ് അപകട കാരണമെന്നാണ് റെയിൽവേ ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ.
Most Read: ഡോ. വന്ദന ദാസ് കൊലപാതകം; സംഭവ ദിവസം പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്