ന്യൂഡെൽഹി: യാത്രാചട്ട വിവാദത്തിൽ തിരിച്ചടിച്ച് ഇന്ത്യ. രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് പത്ത് ദിവസം ക്വാറന്റെയ്‌ൻ നിർബന്ധമാക്കി. വാക്‌സിൻ സ്വീകരിച്ചവർക്കും ഇത് ബാധകമാണ്. ഒക്‌ടോബർ 4 മുതലാണ് പുതുക്കിയ യാത്രാചട്ടം നടപ്പാക്കാൻ ഇന്ത്യ ഒരുങ്ങുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.
കൂടാതെ, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ത്യയിൽ എത്തിയതിന് ശേഷം വിമാനത്താവളത്തിൽ വെച്ചും സമാനമായ പരിശോധന നടത്തണം. ശേഷം നിർബന്ധിത ക്വാറന്റെയ്‌ൻ പൂർത്തിയാക്കി വീണ്ടും എട്ട് ദിവസം കഴിഞ്ഞ് ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് ആയെങ്കിൽ മാത്രമേ ബ്രിട്ടീഷ് പൗരൻമാർക്ക് ഇന്ത്യയിൽ തുടരാനാകൂ എന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്‌തമാക്കി.
നേരത്തെ വാക്‌സിൻ സ്വീകരിച്ച ഇന്ത്യൻ പൗരൻമാർക്കും ബ്രിട്ടണിൽ നിർബന്ധിത ക്വാറന്റെയ്‌ൻ ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടന്റെ ഈ തീരുമാനത്തിനെതിരെ ഇന്ത്യ ശക്‌തമായ പ്രതിഷേധവും അറിയിച്ചിരുന്നു. നിലപാട് തിരുത്താൻ തയ്യാറായില്ലെങ്കിൽ തിരിച്ചടി നൽകുമെന്നും വിദേശകാര്യ മന്ത്രാലയം ബ്രിട്ടണ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും, തിരുത്താൻ ബ്രിട്ടൺ തയ്യാറാകാത്തതിനെ തുടർന്നാണ് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഇന്ത്യ ഒരുങ്ങുന്നത്.
ബ്രിട്ടണിൽ എത്തിയാൽ ഇന്ത്യക്കാർ സ്വന്തം ചെലവിലാണ് ക്വാറന്റെയ്‌നിൽ കഴിയുക. ഇതേ രീതി തന്നെയാണ് ഇന്ത്യയും പിന്തുടരുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: വ്യാജ ചിത്രം പ്രചരിപ്പിച്ചു; നിയമനടപടി സ്വീകരിക്കുമെന്ന് എം സ്വരാജ്