കോഴിക്കോട്: ഇടിമിന്നലേറ്റ് രാമനാട്ടുകര ഹൈസ്‌കൂളിന് വ്യാപക നാശനഷ്‌ടം. ഇന്ന് നടക്കാനുള്ള പ്രവേശനോൽസവത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നുന്നതിനിടെയാണ് സ്‌കൂളിന് നഷ്‌ടം ഉണ്ടായത്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് സംഭവം. തലനാരിഴയ്‌ക്കാണ് ആളപായം ഒഴിവായത്. അപകടസമയത്ത് അധ്യാപകരും ജീവനക്കാരും ഉൾപ്പടെ മുപ്പതിലേറെ പേർ സ്‌കൂളിൽ ഉണ്ടായിരുന്നു.
വൈദ്യുത ബന്ധം താറുമാറായെങ്കിലും ഇന്നത്തെ പ്രവേശനോൽസവം, സ്‌റ്റീം അടുക്കളയുടെ ഉൽഘാടനം എന്നിവ നിശ്‌ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. മിന്നലേറ്റ് സ്‌കൂളിന്റെ കിഴക്കുവശത്തെ വനിതാ സ്‌റ്റാഫ് റൂമിന് കേടുപാടുകൾപറ്റി. സ്‌കൂളിലെ മേൽക്കൂരയിലെ അറുപതിലധികം ഓടുകൾ തകർന്നു. സിസിടിവി ക്യാമറ പൊട്ടിത്തെറിച്ച് ദൂരെ പതിച്ചു.
കൂടാതെ, മുഴുവൻ സ്വിച്ച് ബോർഡുകളും മിന്നലിൽ കത്തിപ്പോയി. കെഎസ്ഇബിയുടെ മീറ്റർബോർഡും ഉപകരണങ്ങളും പൊട്ടിത്തെറിച്ചു. അപകടത്തിൽ മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്‌ടം കണക്കാക്കുന്നതായി അധികൃതർ പറഞ്ഞു. അതേസമയം, ഇന്നലെ വൈകിട്ട് ഉണ്ടായ ഇടിമിന്നലിൽ കടലുണ്ടി പതിനേഴാം വാർഡിലെ വട്ടപ്പറമ്പ്, എറുകാട് മേഖലയിലും വീട്ടുപകരണങ്ങൾ കത്തി നശിച്ചിട്ടുണ്ട്. ആലിപ്ര മുഹമ്മദ്, തെയ്യത്ത് നാരായണൻ, തെയ്യത്ത് രവി എന്നിവരുടെ വീട്ടുപകരണങ്ങളാണ് കത്തിനശിച്ചത്.
Most Read: കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; മുഖ്യ പ്രതി റഫീഖ് പിടിയിൽ