കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്‌റ്റിലായി. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴല്‍പ്പണ, സ്വര്‍ണക്കടത്ത്, ലഹരി മാഫിയ തലവന്‍മാരിലെ പ്രധാനിയുമായ സൗത്ത് കൊടുവള്ളി മദ്‌റസാബസാര്‍ പിലാത്തോട്ടത്തില്‍ റഫീഖ് എന്ന ഈനാംപേച്ചി റഫീഖാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്.
പോലീസിനെ കണ്ട് ഭയന്നോടിയ ഇയാളെ ഓടിച്ചിട്ട് സാഹസികമായാണ് പിടികൂടിയത്. ജില്ലക്കകത്തും പുറത്തും നിരവധി ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ ഒളിവില്‍ കഴിയാന്‍ ഇത്തരം ബന്ധങ്ങള്‍ ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
ഒളിവില്‍ കഴിയുമ്പോഴും ഇയാള്‍ കുഴല്‍പ്പണ ഇടപാടുകള്‍ നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ പോലീസിന് വ്യക്‌തമായി. ഇതുമായിബന്ധപ്പെട്ട് നിരവധി പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും.
ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കുറിച്ചും ഇയാള്‍ക്ക് കഞ്ചാവും മറ്റു ലഹരി വസ്‌തുക്കളും എത്തിച്ചു നല്‍കിയവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും ചരക്കുവാഹനങ്ങളില്‍ ലഹരിയെത്തിക്കുന്ന സംഘങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Also: ആശുപത്രിയിൽ കഴിയുന്ന രജനികാന്തിനെ കാണാൻ സ്‌റ്റാലിനെത്തി