വിദേശ സഹായം സ്വീകരിക്കും; ഇന്ത്യ തയ്യാർ; 16 വർഷത്തിനിടെ ആദ്യം

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങൾക്ക് താൽകാലിക മാറ്റം വരുത്താനൊരുങ്ങി ഇന്ത്യ. ചൈനയിൽ നിന്നടക്കം സഹായം സ്വീകരിക്കാൻ ഇന്ത്യ തയാറാകുമെന്നാണ് വിവരം. 16 വർഷത്തിനിടെ ആദ്യമായാണ് വിദേശ നയത്തിൽ മാറ്റം വരുത്തുന്നത്. കോവിഡ് രണ്ടാം തരംഗം മൂലം രാജ്യത്തെ സ്‌ഥിതി ഗുരുതരമാകുന്നതിനിടെ ഓക്‌സിജനും മരുന്നുകൾക്കും മറ്റ് മെഡിക്കൽ ഉപകരണങ്ങൾക്കും ക്ഷാമം നേരിടുന്നത് ഏറെ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളെ ആശ്രയിക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

ചൈന വാഗ്‌ദാനം ചെയ്‌ത ഓക്‌സിജനും മറ്റ് ജീവൻ രക്ഷാ മരുന്നുകളും വാങ്ങുന്നതിൽ ഇന്ത്യക്ക് ആശയപരമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. അതേസമയം, പാകിസ്‌ഥാനിൽ നിന്ന് സഹായം സ്വീകരിക്കുന്ന കാര്യത്തിൽ ന്യൂ ഡെൽഹി നിലപാട് വ്യക്‌തമാക്കിയിട്ടില്ല. കൂടാതെ, വിദേശ ഏജൻസികളിൽ നിന്ന് ഓക്‌സിജനും മരുന്നുകളും വാങ്ങുന്നതിന് സംസ്‌ഥാന സർക്കാരുകൾക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തടസമാകില്ല.

മൻമോഹൻ സിംഗിന്റെ കീഴിലുള്ള യുപിഎ സർക്കാർ വിദേശ സ്രോതസുകളിൽ നിന്നുള്ള സഹായം സ്വീകരിക്കില്ലെന്ന് തീരുമാനിച്ചതിനാൽ കഴിഞ്ഞ 16 വർഷമായി നയത്തിൽ മാറ്റം വരുത്തിയിരുന്നില്ല. 2018 ഓഗസ്‌റ്റിൽ കേരളത്തിൽ നാശം വിതച്ച പ്രളയത്തെ തുടർന്ന് യുഎഇ 700 കോടി ദുരിതാശ്വാസമായി വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ, കേന്ദ്രം അത് സ്വീകരിക്കുന്നതിൽ നിന്ന് സംസ്‌ഥാന സർക്കാരിനെ വിലക്കുകയാണ് ഉണ്ടായത്. ഇത് കേന്ദ്രവും സംസ്‌ഥാന സർക്കാരും തമ്മിൽ തർക്കമുണ്ടാകാൻ ഇടയാക്കി.

നിലവിലെ നയമനുസരിച്ച് മറ്റ് രാജ്യങ്ങളിൽ നിന്ന് നേരിട്ട് സഹായം സ്വീകരിക്കാൻ ഇന്ത്യക്ക് സാധിക്കില്ല. തുടർന്ന്, റെഡ് ക്രോസ് പോലെയുള്ള സംഘടനകളിൽ നിന്ന് നേരിട്ട് സഹായം തേടാനായിരുന്നു തീരുമാനം. എന്നാൽ ഇങ്ങനെ സഹായം സ്വീകരിച്ചാൽ സർക്കാർ സംവിധാനം വഴി ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. മാത്രമല്ല, ഗുണഭോക്‌താക്കളെ സ്വീകരിക്കുന്നതിൽ അടക്കം വിവേചനം ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ വിലയിരുത്തി.

ഇതിന്റെ അടിസ്‌ഥാനത്തിലാണ് നയത്തിൽ മാറ്റം വരുത്താൻ ഇന്ത്യ തയ്യാറാകുന്നത്. തുടർന്ന് ചൈനയിൽ നിന്നടക്കം ഇന്ത്യ സഹായം സ്വീകരിക്കും. ഇന്ത്യയെ സഹായിക്കാൻ ഇതുവരെ 20ലധികം രാജ്യങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. ഭൂട്ടാൻ ഓക്‌സിജൻ എത്തിക്കാൻ ഒരുങ്ങുമ്പോൾ റഷ്യ സ്‌പുട്നിക് വാക്‌സിൻ അടക്കമുള്ള അടിയന്തര മെഡിക്കൽ ഉപകരണങ്ങളുമായാണ് എത്തുന്നത്. യുഎസ്‌, യുകെ, ഫ്രാൻസ്, അയർലൻഡ്, ബെൽജിയം, റൊമാനിയ, സ്വീഡൻ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ഫിൻലാൻഡ്, ഇറ്റലി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കായി മുന്നിലുണ്ട്.

കഴിഞ്ഞ വർഷം കേന്ദ്രം പുതുതായി സ്‌ഥാപിച്ച പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ‘ദേശീയത’ കണക്കിലെടുക്കാതെ വിദേശ സംഭാവനകൾ സ്വീകരിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ഈ നയം മാറ്റങ്ങളുടെ സൂചന പ്രകടമായിരുന്നു.

Also Read: കോവിഡ് പ്രതിരോധം; യുഎസിൽ നിന്നുള്ള ആദ്യ സഹായവിഹിതം വെള്ളിയാഴ്‌ചയ്‌ക്കകം എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE