പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ നൽകി സംസ്‌ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഐഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. 10 വയസിന് താഴെ പ്രായമുള്ളവർക്ക് ആർടിപിസിആർ പരിശോധന വേണ്ട. മറ്റുള്ളവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം.
ശബരിമല തീർഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. വെർച്വൽ ക്യൂ ഒഴിവാക്കണം, രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം, സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണം തുടങ്ങിയ കാര്യങ്ങൾ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ശബരിമല തീർഥാടനം പ്രമാണിച്ച് കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിച്ചു. സർവീസ് പുനരാരംഭിക്കാൻ തമിഴ്‌നാട് അനുമതി നൽകിയതിനെ തുടർന്നാണ് തീരുമാനം. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ബസ് സർവീസ് പുനരാരംഭിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
Most Read: സസ്‌പെന്‍ഷന്‍; പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടങ്ങി