തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാരുടെ അനിശ്‌ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണ സമരം ഇന്നാരംഭിക്കും. ശമ്പള പരിഷ്‌കരണത്തിലെ അപാകത ആരോപിച്ചാണ് പ്രതിഷേധം. ഡോക്‌ടര്‍മാര്‍ ഇന്ന് മുതൽ എല്ലാ ദിവസവും കരിദിനം ആചരിക്കും. പേവാര്‍ഡ്, മെഡിക്കല്‍ ബോർഡ് ഡ്യൂട്ടി, കോവിഡ് ഇതര യോഗങ്ങൾ എന്നിവ അനിശ്‌ചിത കാലത്തേക്ക് ബഹിഷ്‌കരിക്കുമെന്ന് സമര നേതൃത്വം അറിയിച്ചു.
17ആം തീയതി ഒപിയും മുൻകൂട്ടി നിശ്‌ചയിച്ച ശസ്‍ത്രക്രിയകളും ബഹിഷ്‌കരിച്ച് 24 മണിക്കൂര്‍ സമരം നടത്താനും ഡോക്‌ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ തീരുമാനിച്ചിട്ടുണ്ട്.
2016 മുതൽ മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശികയും അലവൻസും ആവശ്യപ്പെട്ടാണ് മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമരം. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവൻസും നൽകാൻ തീരുമാനമായിരുന്നു. എന്നാൽ ഉത്തരവ് വന്നപ്പോൾ അതിൽ 2020 മുതലുള്ള കുടിശ്ശിക നൽകാമെന്നായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഏതെങ്കിലും രീതിയിലുള്ള വിശദീകരണം സർക്കാരിൽ നിന്നും ലഭിച്ചില്ലെന്ന് ഡോക്‌ടർമാർ പറയുന്നു.
അതേസമയം, സമരം അനാവശ്യമാണെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഡോക്‌ടർമാരുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് ഉത്തരവിറക്കിയത് എന്നാണ് മന്ത്രി പറയുന്നത്.
Read Also: സീറ്റ് വിഭജനം; യുഡിഎഫ് യോഗം ഇന്ന്, ആവശ്യത്തിൽ ഉറച്ച് ജോസഫ് വിഭാഗം