തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് അഞ്ച് പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാല് വിദ്യാർഥി പ്രതിനിധികളെയും ഒരു ഹെഡ്‌മാസ്‌റ്റർ പ്രതിനിധിയെയുമാണ് നിർദ്ദേശിച്ചത്. കെഎസ് ദേവി അപർണ, ആർ കൃഷ്‌ണപ്രിയ, ആർ രാമാനന്ദ്, ജിആർ നന്ദന എന്നിവരാണ് വിദ്യാർഥി പ്രതിനിധികൾ.
മികവിന്റെ അടിസ്‌ഥാനത്തിലാണ് ഇവരെ നാമനിർദ്ദേശം ചെയ്‌തത്. തോന്നയ്‌ക്കൽ സ്‌കൂളിലെ എസ് സുജിത്താണ് അധ്യാപക പ്രതിനിധിയായി സെനറ്റിലെത്തുന്നത്. മുൻപ് ഗവർണർ നൽകിയ നാമനിർദ്ദേശം ഹൈക്കോടതി റദ്ദാക്കിയിരുന്നു. യോഗ്യതയുടെ അടിസ്‌ഥാനത്തിൽ പുതിയ നാമനിർദ്ദേശം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു.
ഗവർണർ സ്വന്തം നിലയിൽ നാല് വിദ്യാർഥികളെ നോമിനേറ്റ് ചെയ്‌ത നടപടിയായിരുന്നു ഹൈക്കോടതി റദ്ദാക്കിയത്. സ്വന്തം നിലയിൽ നോമിനേറ്റ് ചെയ്യാൻ അവകാശം ഉണ്ടെന്നായിരുന്നു ഗവർണറുടെ വാദം. ഹ്യൂമാനിറ്റിസ്, ഫൈൻ ആർട്‌സ്, സയൻസ്, സ്‌പോർട്‌സ് വിഭാഗങ്ങളിലെ വിദ്യാർഥികളെയാണ് ഗവർണർ നാമനിർദ്ദേശം ചെയ്‌തത്. ഇവരെല്ലാം എബിവിപി പ്രവർത്തകർ ആണെന്നായിരുന്നു ആരോപണം. ഗവർണറെ വഴി തടഞ്ഞുള്ള സമരത്തിന് എസ്എഫ്ഐയെ പ്രേരിപ്പിച്ചതും സെനറ്റിലേക്കുള്ള നാമനിർദ്ദേശമായിരുന്നു.
Most Read| വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നു; ആദ്യ മദർഷിപ്പ് 12ന് എത്തും- വൻ സ്വീകരണം