ന്യൂഡെല്‍ഹി: പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിനെ പിന്തുണച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. ഗ്രെറ്റയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണ് അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം ഗ്രെറ്റക്കെതിരെ എഫ്ഐആര്‍ എടുത്തതെന്ന് കനയ്യ പറഞ്ഞു.
‘പ്രിയപ്പെട്ട ഗ്രെറ്റ തന്‍ബര്‍ഗ് ക്ളബിലേക്ക് സ്വാഗതം! നിങ്ങള്‍ നല്ല പോരാട്ടമാണ് നടത്തുന്നതെന്നും ചരിത്രത്തിന്റെ ശരിയായ വശത്താണെന്നതിന്റെയും തെളിവാണ് ജയ് ഷായുടെ പിതാവിന്റെ നിര്‍ദേശപ്രകാരം ഡെല്‍ഹി പൊലീസ് നിങ്ങള്‍ക്കെതിരെ എടുത്ത എഫ്ഐആര്‍. ഇതിന്റെ ഭാഗമായി എന്റെ ചങ്ങാതിമാര്‍ ഇതിനകം ജയിലിലാണ്! പൊരുതികൊണ്ടിരിക്കുക’, കനയ്യ പറഞ്ഞു.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഡെൽഹി പോലീസ് ഗ്രെറ്റക്കെതിരെ കേസെടുത്തത്. എന്നാൽ ഞാനിപ്പോഴും കർഷകർക്ക് ഒപ്പം തന്നെയെന്ന പുതിയ ട്വീറ്റ് പുറത്തുവിട്ടാണ് ഇക്കാര്യത്തിൽ ഗ്രെറ്റ പ്രതികരിച്ചത്.
ഞാനിപ്പോഴും കർഷകർക്ക് ഒപ്പം തന്നെ. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണക്കുകയും ചെയ്യുന്നു. വിദ്വേഷമോ ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ ആ തീരുമാനത്തെ ഒരിക്കലും മാറ്റില്ല, ഗ്രെറ്റ ട്വിറ്ററിൽ കുറിച്ചു. ഫാർമേഴ്‌സ് പ്രൊട്ടസ്‌റ്റ് എന്ന ഹാഷ്‌ടാഗോട് കൂടിയാണ് ഗ്രെറ്റ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
ഗ്രെറ്റ മതത്തിന്റെ പേരിൽ ശത്രുത പരത്തുകയും ക്രിമിനൽ ഗൂഢാലോചന നടത്തുകയും ചെയ്‌തുവെന്നാണ് പോലീസ് ആരോപണം. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പോപ്പ് ഗായിക റിഹാന്ന ട്വീറ്റ് ചെയ്‌തതിന് പിന്നാലെയാണ് ചൊവ്വാഴ്‌ച ഗ്രെറ്റയും ട്വീറ്റ് ചെയ്‌തത്. പിന്നീട് വ്യാഴാഴ്‌ചയും ഗ്രെറ്റ കർഷക സമരവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌തു.
കർഷക സമരത്തെ പിന്തുണക്കാൻ സഹായകരമായ ടൂൾകിറ്റ് പങ്കുവെച്ചുകൊണ്ടാണ് രണ്ടാമത് ഗ്രെറ്റ കർഷക സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ചത്. കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെയുള്ള ഡെൽഹിയിലെ കർഷക സമരത്തിന് ആഗോളതലത്തിൽ ആളുകൾക്ക് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നുമാണ് ടൂൾകിറ്റിൽ വിശദീകരിക്കുന്നത്.
എന്നാൽ ഇത്തരം വിഷയങ്ങളിൽ എന്തെങ്കിലും പറയുന്നതിന് മുൻപ് വസ്‌തുതകൾ പരിശോധിക്കണമെന്നും കാര്യങ്ങൾ മനസിലാക്കണമെന്നുമാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഹാഷ്‌ടാഗുകളും അഭിപ്രായങ്ങളും മറ്റും പ്രശസ്‌തരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് നിരുത്തരവാദപരമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Read also: മുനവർ ഫാറൂഖിക്ക് ജാമ്യം നൽകി സുപ്രീം കോടതി; മധ്യപ്രദേശ് സർക്കാരിന് നോട്ടീസ്