തിരുവനന്തപുരം: തലസ്‌ഥാന നഗരത്തിൽ മഴ ശക്‌തം. ഉച്ചയ്‌ക്ക് ശേഷമാണ് കാറ്റോട് കൂടി മഴയെത്തിയത്. നഗരമേഖലയിൽ എല്ലായിടത്തും കനത്ത മഴ ലഭിച്ചു. കടുത്ത വേനൽച്ചൂടിനും മഴ ആശ്വസമായി.
അടുത്ത മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് കൂടി മഴ വ്യാപിക്കും എന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കീലോമീറ്റർ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്കും മണിക്കൂറിൽ 40 കീമി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
കനത്ത മഴയ്‌ക്ക് പിന്നാലെ അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടർ ഇരുപത് സെന്റി മീറ്റർ ഉയർത്തി. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
അതേസമയം ബുധനാഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാന് സമീപത്തായി ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഈ ചക്രവാതച്ചുഴി തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്‌തി പ്രാപിച്ചേക്കും.
Most Read: മൂവാറ്റുപുഴ ജപ്‌തി; അജേഷിന്റെ വായ്‌പാ കുടിശിക അടച്ചുതീര്‍ത്ത് സിഐടിയു