കൊച്ചി: ആറുമാസമായി സംസ്‌ഥാനത്ത് 50,100 രൂപ മുദ്രപ്പത്രങ്ങൾക്ക് കടുത്ത ക്ഷാമമുണ്ടായിട്ടും പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന ഹരജിയിൽ സംസ്‌ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ട്രഷറി ഡയറക്‌ടറും വകുപ്പ് സെക്രട്ടറിയും രണ്ടാഴ്‌ചക്കകം മറുപടി നൽകണം.
ആക്റ്റിങ് ചീഫ് ജസ്‌റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. അഭിഭാഷകൻ പി ജ്യോതിഷാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. ചെറിയ തുകക്കുള്ള മുദ്രപ്പത്രങ്ങളുടെ ആവശ്യത്തിന് പോലും സാധാരണക്കാർ 1000 രൂപയുടെ മുദ്രപ്പത്രങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഉള്ളതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ആറുമാസമായി 50,100,200,500 രൂപ മുദ്രപ്പത്രങ്ങൾക്ക് ക്ഷാമമാണ്. വാടകക്കരാർ, ജനന സർട്ടിഫിക്കറ്റ് തുടങ്ങി സാധാരണക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന, 100 രൂപവരെയുള്ള മുദ്രപ്പത്രങ്ങൾ ലഭ്യമല്ല. മുദ്രപ്പത്രങ്ങൾ അച്ചടിക്കുമെന്ന് പറഞ്ഞെങ്കിലും ഏതാനും മാസങ്ങളായി നാസിക്കിലെ പ്രസിൽ ഇതിനുള്ള ഓർഡർ കൊടുത്തിട്ടില്ല.
ഓഗസ്‌റ്റ് ഒന്നുമുതൽ ഇ- സ്‌റ്റാമ്പ് പേപ്പറുകൾ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ അക്കാര്യം നടപ്പായിട്ടില്ല. യാതൊരു വ്യവസ്‌ഥയും ഇല്ലാതെയാണ് ഇ സ്‌റ്റാമ്പ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരുലക്ഷം രൂപക്ക് മേലെയുള്ളവക്ക് ഇ സ്‌റ്റാമ്പ് ഇപ്പോഴും സാധ്യമാണെങ്കിലും മറ്റുള്ളവർക്ക് ഇതിനുള്ള സാഹചര്യമില്ല. 20,50,100 രൂപ വിലയുള്ള മുദ്രപ്പത്രങ്ങളും ഇലക്‌ട്രോണിക് രീതിയിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
Most Read| ഷിരൂരിൽ പ്രതിഷേധം തുടങ്ങുമെന്ന് അർജുന്റെ കുടുംബം; തിരച്ചിൽ പുനരാരംഭിക്കുമോ?