ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുനരാരംഭിക്കുന്നത് ചർച്ച ചെയ്യാൻ അടിയന്തിര യോഗം ഉടൻ ചേരും. കളക്‌ടർ, എസ്‌പി, നേവി പ്രതിനിധികൾ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. പുഴയിൽ നാളെ നടക്കുന്ന പരിശോധനക്ക് ശേഷമാകും അന്തിമതീരുമാനം.
തിരച്ചിൽ അനിശ്‌ചിതമായി വൈകുന്നതിനെതിരെ അർജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തിരച്ചിൽ വീണ്ടും ആരംഭിച്ചില്ലെങ്കിൽ അർജുന്റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു.
ഒരു മാസത്തോളമായിട്ടും അർജുനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനമാണ് അർജുന്റെ കുടുംബം ഉയർത്തുന്നത്. തീരുമാനം ഉണ്ടായില്ലെങ്കിൽ അർജുന്റെ ഭാര്യയെയും അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും കൂട്ടി ഷിരൂരിലേക്ക് പോകാനാണ് തീരുമാനം.
പല കാര്യങ്ങൾ പറഞ്ഞു തിരച്ചിൽ വൈകിപ്പിക്കുകയാണ്. ഈശ്വർ മൽപെയെ നിർബന്ധിച്ചിട്ടില്ല. അദ്ദേഹം സ്വമേധയാ തിരച്ചിൽ നടത്താൻ സന്നദ്ധനായി വന്നിട്ടും ജില്ലാ ഭരണകൂടമോ പോലീസോ അനുവദിക്കുന്നില്ല. കാലാവസ്‌ഥ അനുകൂലമാണിപ്പോൾ. അടിയൊഴുക്കും കുറഞ്ഞു. എന്നിട്ടും അദ്ദേഹത്തെ പുഴയിൽ ഇറങ്ങാൻ സമ്മതിക്കുന്നില്ല.
ഇന്നലെ വൈകിട്ട് വരെ ജലനിരപ്പ് കുറഞ്ഞ അവസ്‌ഥയിൽ ആയിരുന്നു. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി മഴ ഇല്ലാതിരുന്നിട്ടും കാലാവസ്‌ഥ അനുകൂലമല്ലെന്നാണ് അദ്ദേഹം പറയുന്നത്. തിരച്ചിലിന് വേണ്ടി യാതൊരു ഏകോപനവും നടക്കുന്നില്ലെന്നും ജിതിൻ ആരോപിച്ചു.
കൊച്ചി- പനവേൽ ദേശീയപാത 66ൽ മംഗളൂരു- ഗോവ റൂട്ടിൽ അങ്കോളയ്‌ക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽപ്പെട്ടത്. 16ന് രാവിലെ 8.30നായിരുന്നു അപകടം. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയാണ് അർജുൻ.
Most Read| വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളി കേരള ബാങ്ക്