കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി. ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്റെ സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൾസർ സുനി കോടതിയെ സമീപിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ ഇന്ന് വീണ്ടും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായിട്ടുണ്ട്. ഇന്നലെ ഏഴ് മണിക്കൂറോളം ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ദിലീപിനെ ചോദ്യം ചെയ്‌തിരുന്നു. നടിയുടെ ദൃശ്യങ്ങൾ തന്റെ കൈവശമില്ലെന്ന് ദിലീപ് ആവർത്തിച്ചു.
ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌ത് വരികയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്‌തി ശരത് തന്നെയാണെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് സ്‌ഥിരീകരിച്ചിരുന്നു.
കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ആണ് ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിനത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ന് പോലീസ് സംഘം നിര്‍ണായക നീക്കം നടത്തുന്നത്. ആലുവ പോലീസ് ക്ളബ്ബിലാണ് ദിലീപിന്റെ ചോദ്യം ചെയ്യല്‍.
Most Read: സർവേക്കല്ലുകളിൽ കെ റെയിൽ മുദ്ര എന്തിന്? കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാതെ സർക്കാർ