കൊച്ചി: ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. 2010ല്‍ ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്‌ഥാനത്തില്‍ നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുമെന്ന വാഗ്‌ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
കരാര്‍ പ്രകാരം സര്‍ക്കാര്‍ കണ്ടെത്തിയ 1495 കുടുംബങ്ങളില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറിയെന്ന് വ്യക്‌തമാക്കണം. എല്ലാവര്‍ക്കും ഭൂമി കൈമാറിയിട്ടില്ലെങ്കില്‍ ഇനി എത്ര കുടുംബങ്ങള്‍ക്ക് കൂടി ഭൂമി കൈമാറാനുണ്ട് എന്നും വിശദമാക്കണം.
താമസയോഗ്യമല്ലാത്ത ഭൂമി ആദിവാസികള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ ധാരണ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആദിവാസികളുടെ കഷ്‌ടതകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.
Most Read: ഡ്രോൺ ഉപയോഗം; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ