കൊച്ചി: കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ‘റെസോയ്’ ആപ്പ് പ്രവർത്തനം ആരംഭിച്ചു. ഭക്ഷണവിതരണ രംഗത്ത് നിലവിലുള്ള വിവിധ മൊബൈൽ ആപ്പുകൾ നടത്തുന്ന ചൂഷണങ്ങളെ നേരിടുക എന്ന സാമൂഹിക ദൗത്യവുമായാണ് ‘റെസോയ്’ ആപ്പ് എത്തുന്നത്.
കൊച്ചിയിൽ മാത്രമാണ് തുടക്കത്തിൽ ‘റെസോയ്’ സേവനം ലഭിക്കുക. കൊച്ചി നഗരഹൃദയത്തിലും കളമശ്ശേരി, കാക്കനാട് തുടങ്ങിയ മേഖലകളിലെയും 5 കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാകുന്ന സേവനം കേരളത്തിലെ ഇതര ഭാഗങ്ങളിലേക്ക് ഉടനെ വ്യാപിപ്പിക്കും. 400ലധികം ഹോട്ടലുകളാണ് തുടക്കത്തിൽ സർവീസ് പരിധിയിൽ ഉണ്ടാകുക.
അധികൃതർ പറയുന്നു; മറ്റ് ഭക്ഷണവിതരണ സേവന ദാതാക്കള്‍ ഉപഭോക്താക്കളിൽ നിന്ന്, നിലവിൽ നാല്പത് ശതമാനം വരെ അധികനിരക്ക് ഈടാക്കുന്നുണ്ട്. എന്നാൽ റെസോയ്, മിതമായ ഡെലിവറി ചാര്‍ജ് മാത്രമേ ഈടാക്കുകയുള്ളു. അതായത്, ഹോട്ടലിൽ ലഭ്യമാകുന്ന നിരക്കും ചെറിയൊരു ഡെലിവറി ചാർജും ഈടാക്കിയാണ് ഭക്ഷണം വിതരണം ചെയ്യുക. ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമായ മറ്റു ചെലവുകൾ കണ്ടെത്തുന്നതിന് ഹോട്ടലുകളിൽ നിന്ന് 10 ശതമാനത്തിൽ താഴെ കമ്മീഷൻ ഈടാക്കും.
‘ഇതര ഫുഡ് ഡെലിവറി ആപ്പുകളിൽ നിന്ന് ഭക്ഷണം വാങ്ങുന്നതും ‘റെസോയ്’ ഉപയോഗിച്ച് വാങ്ങുന്നതും തമ്മിൽ തുലനം ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞത് 10 മുതൽ 30 ശതമാനം വരെ ലാഭകരമായിരിക്കും റെസോയ്‘; അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാൽ വിശദീകരിച്ചു.
‘റെസോയ് ഭക്ഷണ വിതരണ ആപ്പ്, സഹകരണ മേഖലയിൽ ആരംഭിച്ച ആദ്യസംരംഭമാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഞങ്ങൾ ഈ ആപ്പിന്റെ പണിപ്പുരയിലായിരുന്നു. ആപ്പിന്റെ ടെസ്റ്റ് വെർഷൻ റൺ ചെയ്ത് വരുന്ന സമയത്താണ് ലോക് ഡൗൺ വരുന്നത്. ഈ സാഹചര്യം മുതലെടുത്ത് നിലവിലുള്ള പ്രമുഖ ആപ്പുകൾ ഉപഭോക്താക്കളെയും ഹോട്ടലുടമകളേയും കൂടുതലായി ചൂഷണം ചെയ്യുന്ന സാഹചര്യം ഉടലെടുത്തു. ഇത്തരമൊരു സാഹചര്യത്തിലാണ് റെസോയ് അടിയന്തിരമായി വിപണിയിലിറക്കാൻ തീരുമാനിച്ചത്‘; റെസോയ് സിഇഒ മുഹമ്മദ് മുസ്തഫ പറഞ്ഞു.
റെസോയ് ആപ്പ് ഗൂഗിൾ പ്ളേസ്റ്റോറിലും ഐഫോൺ ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോറിലും ലഭിക്കും. അൽപ കാലത്തിനകം, റൂം ബുക്കിങ് അടക്കമുള്ള സേവന സാധ്യതകളിലേക്കും റെസോയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും; ഭാരവാഹികൾ വ്യക്തമാക്കി.
കൊച്ചി മേയർ എം അനിൽകുമാറാണ് ഭക്ഷണം ഓർഡർ ചെയ്തുകൊണ്ട് ആപ്പ് ഉൽഘാടനം നിർവഹിച്ചത്. ചടങ്ങിൽ റെസോയ് ആപ്പ് ഡയറക്ടർമാരായ ടിജെ മനോഹരൻ, അസീസ്, സിഇഒ മുഹമ്മദ് മുസ്തഫ, ഓപ്പറേഷൻ മാനേജർ രാഹുൽ ജയൻ എന്നിവർ പങ്കെടുത്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് മൊയ്തീൻകുട്ടി ഹാജി ഓൺലൈനായി ആശംസകൾ അർപ്പിച്ചു.
Most Read: ബി, എബി രക്ത ഗ്രൂപ്പുകാർക്ക് കോവിഡ് സാധ്യത കൂടുതൽ; ഒ ഗ്രൂപ്പുകാരിൽ കുറവെന്നും പഠനം