കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ കെകെ രത്‌നകുമാരി അധികാരമേറ്റു. ആരോഗ്യ- വിദ്യാഭ്യാസ സ്‌ഥിരസമിതി അധ്യക്ഷനായിരുന്നു. എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ പ്രതിയായ പിപി ദിവ്യയെ മാറ്റിയതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് രത്‌നകുമാരി വിജയിച്ചത്.
പിപി ദിവ്യ വോട്ട് ചെയ്യാനെത്തിയില്ല. യുഡിഎഫ് സ്‌ഥാനാർഥിയായ കോൺഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്‌നകുമാരി തോൽപ്പിച്ചത്. അതേസമയം, തിരഞ്ഞെടുപ്പ് റിപ്പോർട് ചെയ്യുന്നതിൽ തുടക്കത്തിൽ മാദ്ധ്യമങ്ങൾക്ക് ജില്ലാ കളക്‌ടർ വിലക്കേർപ്പെടുത്തി. മാദ്ധ്യമങ്ങളെ ജില്ലാ പഞ്ചായത്തിലേക്ക് കടത്തിവിട്ടില്ല.
വരണാധികാരി കൂടിയായ കളക്‌ടർ അരുൺ കെ വിജയൻ ഇതുസംബന്ധിച്ചു പോലീസിന് രേഖാമൂലം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, കളക്‌ടർ പിന്നീട് നിലപാട് മയപ്പെടുത്തി. എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഒരുമാസം തികയുമ്പോഴാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പും നടക്കുന്നത്.
പത്തനംതിട്ടയിലേക്കുള്ള സ്‌ഥലംമാറ്റം ലഭിച്ച എഡിഎം കെ നവീൻ ബാബുവിന് സഹപ്രവർത്തകർ ഒക്‌ടോബർ 14ന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പിപി ദിവ്യ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയിൽ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തിൽ അദ്ദേഹം അടുത്തദിവസം ആത്‍മഹത്യ ചെയ്‌തുവെന്നാണ് കേസ്.
Most Read| സർക്കാർ കോടതിക്ക് പകരമാവില്ല, ഉരുക്കുമുഷ്‌ടി വേണ്ട; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി