കൂടത്തിൽ കുടുംബത്തിലെ ഏഴുപേരുടെ ദുരൂഹ മരണങ്ങൾ; കാര്യസ്‌ഥൻ അറസ്‌റ്റിൽ

15 വർഷത്തിനിടെ കൂടത്തിൽ കുടുംബത്തിൽ നടന്ന ഏഴ് മരണങ്ങൾ സംബന്ധിച്ച് ദുരൂഹത ഉടലെടുത്തിരുന്നു. ഒമ്പതുവർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് കേസിന്റെ ചുരുളഴിച്ചത്.

By Senior Reporter, Malabar News
Karamana Koodathil family death case
Representational image

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ നിർണായക വഴിത്തിരിവ്. 2017 ഏപ്രിൽ രണ്ടിന് ജയമാധവൻ കൊല്ലപ്പെട്ട കേസിൽ വർഷങ്ങൾക്ക് ശേഷം പ്രതി അറസ്‌റ്റിൽ. കുടുംബത്തിലെ കാര്യസ്‌ഥൻ രവീന്ദ്രൻ നായരെയാണ് ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്‌.

ബ്രെയിൻ മാപ്പിങ്ങിലൂടെയാണ് കൊലപാതകത്തിൽ പ്രതിയുടെ പങ്ക് കണ്ടെത്തിയതെന്ന് തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ച് അറിയിച്ചു. 15 വർഷത്തിനിടെ കൂടത്തിൽ കുടുംബത്തിൽ നടന്ന ഏഴ് മരണങ്ങൾ സംബന്ധിച്ച് ദുരൂഹത ഉടലെടുത്തിരുന്നു. ഒമ്പതുവർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് കേസിന്റെ ചുരുളഴിച്ചത്.

ഇന്ന് ചോദ്യം ചെയ്യലിനായി രവീന്ദ്രൻ നായരെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും. 2017ലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. കാലടിയിലെ കൂടത്തിൽ കുടുംബാംഗം ജയമാധവൻ നായരുടെ മരണത്തിൽ അസ്വാഭാവികത ആരോപിച്ചു ബന്ധുക്കൾ നൽകിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

15 വർഷത്തിനിടെ ഈ കുടുംബത്തിൽ നടന്ന ഏഴ് ദുരൂഹ മരണങ്ങളെക്കുറിച്ചു അന്വേഷണം നടത്തിയെങ്കിലും മറ്റു മരണങ്ങളിൽ തെളിവുകൾ കണ്ടെത്താനായിരുന്നില്ല. കൂമ്പത്തിലെ അവസാനത്തെ കണ്ണിയായിരുന്നു ജയമാധവൻ നായർ. കട്ടിലിൽ നിന്ന് വീണ് തലയ്‌ക്ക് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചുവെന്നാണ് കാര്യസ്‌ഥനായ രവീന്ദ്രൻ നായർ ബന്ധുക്കളോട് പറഞ്ഞത്.

ഇതിൽ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. ജയമാധവന്റെ മരണംകൊലപാതകമാണെന്ന് 2021ൽ ഫൊറൻസിക് റിപ്പോർട്ടിൽ സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന് കേസിലെ ജില്ലാ ക്രൈം ബ്രാഞ്ച് കൊലക്കുറ്റം ചുമത്തി നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് കോടതി ജീവനക്കാരനായ രവീന്ദ്രൻ നായരെ അറസ്‌റ്റ് ചെയ്‌തത്‌.

സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി നടത്തിയ കൊലപാതകമാണിതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ജയമാധവൻ സ്വത്തുക്കൾ രവീന്ദ്രൻ നായർക്ക് നൽകിയതായി വിൽപ്പത്രം തയ്യാറാക്കിയിരുന്നു. ഇതിനുശേഷം ജയമാധവൻ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ വിൽപ്പത്രം റദ്ദാക്കുമെന്ന ആശങ്കയിൽ ഇയാളെ ഇല്ലാതാക്കാൻ പ്രതി തീരുമാനിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.

കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്‌ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്‌ഠൻമാരായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടെയും മക്കളായ ജയമാധവൻ, ഉണ്ണിക്കൃഷ്‌ണൻ നായർ എന്നിവരാണ് നിശ്‌ചിത ഇടവേളകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

നഗരത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്‌തുക്കളുമാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. ജയമാധവൻ നായർ മരിച്ച അന്നുതന്നെ അസ്വാഭാവിക മരണത്തിന് കരമന പോലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല, എന്നാൽ, ഇദ്ദേഹത്തിന്റെ 100 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ മരണശേഷം കാര്യസ്‌ഥൻ രവീന്ദ്രൻ നായരും ചില ബന്ധുക്കളും ചേർന്ന് പങ്കിട്ടെടുത്തതോടെയാണ് കേസിലെ ദുരൂഹത വർധിപ്പിച്ചത്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE