തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ് 2027) രണ്ടാംഘട്ടം ഇന്നുമുതൽ. എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലെത്തും. ജൂലൈ 30 വരെയാണ് എന്യുമറേഷൻ. ആദ്യത്തെ മൂന്നുദിവസം വീടുകൾക്ക് നമ്പറിടുന്ന പ്രവർത്തനമാണ് നടക്കുക.
ഒരു എന്യുമറേറ്റർക്ക് 800 വരെ ജനസംഖ്യയുള്ള പ്രദേശമാണ് നൽകിയിരിക്കുന്നത്. തദ്ദേശ സ്ഥാപനത്തിലെ ഒരു വാർഡിന്റെ ഭാഗമായിരിക്കും ഇത്. മൂന്ന് ദിവസംകൊണ്ട് വീടുകൾക്ക് നമ്പറിടുന്നത് കൂടാതെ പ്രദേശത്തിന്റെ സ്കെച്ചും എന്യുമറേറ്റർമാർ തയ്യാറാക്കും. വീടുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഇത്തവണ ഏർപ്പെടുത്തിയിട്ടുള്ള സെൽഫ് എന്യുമറേഷൻ അഥവാ വിവരങ്ങൾ സ്വയം ഓൺലൈനായി രേഖപ്പെടുത്താനുള്ള സൗകര്യം ഇന്നലെ അവസാനിച്ചിരുന്നു. ഔദ്യോഗികമായി എത്രപേർ ഇങ്ങനെ ചെയ്തു എന്നതിന്റെ കണക്ക് പുറത്തുവിട്ടിട്ടില്ല. പക്ഷേ, താരതമ്യേന മെച്ചപ്പെട്ട പ്രതികരണം ഉണ്ടായി എന്നാണ് വിവരം.
അതേസമയം, സെൻസസ് ഡ്യൂട്ടിയിൽ അധ്യാപകരെ ഉൾപ്പടുത്തിയതിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടായി. ബുധനാഴ്ച സെൻസസ് ആരംഭിക്കുമെങ്കിലും വീടുകൾ കയറിയിറങ്ങിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും നടത്തിയാൽ മതിയെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം.
ജൂലൈയിൽ ചെയ്തുതീർക്കേണ്ട സെൻസസ് പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തിന് തടസം വരാത്ത രീതിയിൽ തീർക്കാനാണ് ഈ ക്രമീകരണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ജൂലൈയിൽ ശനിയും ഞായറും എട്ടുദിവസം ലഭിക്കും. ഈ ദിനമാണ് വിനിയോഗിച്ചു പ്രവർത്തനങ്ങൾ പൂർത്തിയാക്കണം. ജോലിയെടുത്ത ഈ ദിവസങ്ങൾക്ക് പകരമായി മറ്റു പ്രവൃത്തി ദിനങ്ങളിൽ പ്രഥമാധ്യാപകരുടെ മുൻകൂർ അനുമതിയോടെ ഒക്ടോബർ 31നുള്ളിൽ അധ്യാപകർക്ക് അവധിയെടുക്കാം.
ജൂലൈയിലാണ് സെൻസസിന്റെ ആദ്യഘട്ടം. സംസ്ഥാനത്തെ 60,000 സ്കൂൾ അധ്യാപകരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. നേരത്തെ, സ്കൂൾ സമയത്തിനുശേഷം വൈകീട്ട് സെൻസസ് ജോലികൾ നിർവഹിക്കണമെന്ന് വാക്കാൽ നിർദ്ദേശിച്ചത് വിവാദമായിരുന്നു. സെൻസസ് ജോലിയുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
Most Read| ട്രംപിന് തിരിച്ചടി; ജൻമാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് റദ്ദാക്കി കോടതി


































