തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ വീണ്ടും ചർച്ച. പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിൻമാറാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സഭയെ അറിയിച്ചു.
കരാറിൽ എന്തെങ്കിലും ഭേദഗതി ഉണ്ടായാൽ പരസ്പര സമ്മതത്തോടെ മാത്രമേ നടപ്പിലാക്കാൻ കഴിയുകയുള്ളൂവെന്നും, പദ്ധതിയിൽ എന്ത് തുടർനടപടി സ്വീകരിക്കണമെന്ന് ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സർക്കാർ കരാറിൽ ഒപ്പുവെച്ചത് മാത്രമാണ് നിലവിലെ പ്രതിസന്ധി. തമിഴ്നാട് മാത്രമാണ് കരാറിൽ ഒപ്പിടാത്തത്. ഉപസമിതി രണ്ടുതവണ യോഗം ചേർന്നു. എന്നാൽ അന്തിമ റിപ്പോർട് ഇതേവരെയും തയ്യാറാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
തടഞ്ഞുവെച്ച വിഹിതം നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയുടെ മുഖത്ത് നോക്കി ആവശ്യപ്പെടാൻ ആർജവം കാണിച്ചെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേന്ദ്രവിഹിതം ലഭ്യമാക്കാൻ കോടതിയിൽ പോകാൻ തയ്യാറുണ്ടോയെന്ന് കെഎൻ ബാലഗോപാൽ ചോദിച്ചു. വിഷയത്തിൽ തമിഴ്നാട് കേസിന് പോയിട്ട് എന്താണ് ഉണ്ടായതെന്ന് മന്ത്രി തിരിച്ചടിച്ചു. എൽഡിഎഫ് തങ്ങളെ ഉപദേശിക്കുന്നതിൽ അർഥമില്ലെന്നും ഉപസമിതി യോഗം വീണ്ടും ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്





































